കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയെ നയിക്കാൻ അതിഷി; ഇന്ത്യയിലെ വനിത മുഖ്യമന്ത്രിമാര്‍ ഇവരൊക്കെ - Women Chief Ministers in India

രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടുമൊരു വനിത. തലസ്ഥാനത്ത് മൂന്നാമതായി എത്തുന്നത് അതിഷി. 12 സംസ്ഥാനങ്ങളിലായി 16 വനിത മുഖ്യമന്ത്രിമാരാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്.

WOMEN CMS IN INDIA  WOMAN CM FOR DELHI  ഇന്ത്യയിലെ വനിത മുഖ്യമന്ത്രിമാര്‍  അതിഷി ഡല്‍ഹി മുഖ്യമന്ത്രി
Lady CMs of India (ETV Bharat)

By ETV Bharat Kerala Team

Published : Sep 17, 2024, 9:42 PM IST

രാജ്യ തലസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി മര്‍ലേന എത്തുകയാണ്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. ഇന്ത്യയില്‍ ഇതുവരെ 12 സംസ്ഥാനങ്ങളിലായി 16 വനിതാ മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. ഇവരിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന ബഹുമതി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനാണ്. ജാനകി രാമചന്ദ്രനാണ് ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രി കസേരയിലിരുന്ന വനിത മുഖ്യമന്ത്രി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  1. സുചേത കൃപലാനി - ഉത്തർപ്രദേശിലെ ആദ്യ വനിത മുഖ്യമന്ത്രിയായിരുന്നു സുചേത കൃപലാനി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിലാണ് സുചേത വിജയിച്ച് കയറിയത്. 1963 ഒക്‌ടോബർ മുതല്‍ 1967 മാർച്ച് വരെയാണ് സുചേത കൃപലാനി മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്.
  2. നന്ദിനി സത്പതി - ഒഡിഷയിലെ ആദ്യത്തെയും ഏക വനിത മുഖ്യമന്ത്രിയുമാണ് നന്ദിനി സത്‌പതി. കോൺഗ്രസ് ടിക്കറ്റിലാണ് നന്ദിനി വിജയിച്ച് ഒഡീഷയുടെ മുഖ്യമന്ത്രി പദത്തിലേറിയത്. 1972 ജൂൺ മുതൽ 1973 മാർച്ച് വരെയും 1974 മാർച്ച് മുതൽ 1976 ഡിസംബർ വരെയുമാണ് നന്ദിനി അധികാരത്തിലിരുന്നത്.
  3. ശശികല കകോദ്‌കർ -ഗോവയിലെ ആദ്യത്തെയും ഏക വനിത മുഖ്യമന്ത്രിയുമാണ് ശശികല കകോദ്‌കര്‍. മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടിയുടെ പിന്‍ബലത്തിലാണ് ശശികല കകോദ്‌കര്‍ വിജയിച്ചത്. 1973 ഓഗസ്‌റ്റ് മുതൽ 1979 ഏപ്രിൽ വരെയാണ് ശശികല അധികാരത്തിലിരുന്നത്.
  4. സൈദ അൻവേര തൈമൂർ -അസമിലെ ആദ്യത്തെയും ഏക വനിത മുഖ്യമന്ത്രിയുമാണ് സൈദ അന്‍വേര തൈമൂര്‍. കോൺഗ്രസ് മുഖ്യമന്ത്രിയായാണ് സൈദ അന്‍വേര അധികാരത്തിലേറിയത്. 1980 ഡിസംബർ മുതൽ 1981 ജൂൺ വരെയാണ് സൈദ അന്‍വേര തൈമൂര്‍ അധികാരത്തിലിരുന്നത്.
  5. ജാനകി രാമചന്ദ്രൻ - തമിഴ്‌നാടിന്‍റെ ആദ്യ വനിത മുഖ്യമന്ത്രി ആയിരുന്നു ജാനകി രാമചന്ദ്രന്‍. എഐഎഡിഎംകെ പാര്‍ട്ടിയിലായിരുന്നു. 1988 ജനുവരി 7 മുതൽ 1988 ജനുവരി 30 വരെ, 23 ദിവസം മാത്രമാണ് ജാനകി രാമചന്ദ്രന്‍ അധികാരത്തിലിരുന്നത്.
  6. ജെ ജയലളിത -തമിഴ്‌നാടിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിയാണ് ജയലളിത. അഞ്ച് തവണയാണ് ജയലളിത തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രി പദത്തിലിരുന്നത്. എഐഡിഎംകെയായിരുന്നു പാര്‍ട്ടി. ജൂൺ 1991 മുതൽ മെയ് 1996 വരെ, 2001 മെയ് മുതൽ 2001 സെപ്റ്റംബർ വരെ, 2002 മാർച്ച് മുതൽ 2006 മെയ് വരെ, 2011 മെയ് മുതൽ 2014 സെപ്റ്റംബർ വരെ, 2015 മെയ് മുതൽ 2016 വരെ എന്നിങ്ങനെയാണ് ജയലളിതയുടെ അധികാര കാലഘട്ടം.
  7. മായാവതി -ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിത മുഖ്യമന്ത്രി എന്ന ബഹുമതി മായാവതിക്കുള്ളതാണ്. ബഹുജൻ സമാജ് പാർട്ടി ടിക്കറ്റിലാണ് മായാവതി അധികാരത്തിലേറുന്നത്. 1995 ജൂൺ മുതൽ 1995 ഒക്‌ടോബർ വരെയും 1997 മാർച്ച് മുതൽ 1997 സെപ്റ്റംബർ വരെയും 2002 മെയ് മുതൽ 2003 ഓഗസ്‌റ്റ് വരെയും 2007 മെയ് മുതൽ 2012 മാർച്ച് വരെയും മായാവതി ഉത്തര്‍പ്രദേശ് ഭരിച്ചു.
  8. രജീന്ദർ കൗർ ഭട്ടൽ -പഞ്ചാബിലെ ആദ്യത്തെയും ഏക വനിത മുഖ്യമന്ത്രിയുമാണ് രജീന്ദർ കൗർ ഭട്ടൽ. കോൺഗ്രസ് സ്ഥാനാര്‍ഥിയായാണ് രജീന്ദര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 1996 ജനുവരി മുതൽ 1997 ഫെബ്രുവരി വരെയാണ് രജീന്ദര്‍ കൗര്‍ ഭട്ടല്‍ അധികാരത്തിലിരുന്നത്.
  9. റാബ്രി ദേവി -ബിഹാറിലെ ആദ്യത്തെയും ഏക വനിതാ മുഖ്യമന്ത്രിയുമാണ് റാബ്രി ദേവി. രാഷ്‌ട്രീയ ജനതാദൾ ടിക്കറ്റിലാണ് റാബ്രി ദേവി മുഖ്യമന്ത്രിക്കസേരയിൽ എത്തുന്നത്. 1997 ജൂലൈ മുതൽ 1999 ഫെബ്രുവരി വരെ, 1999 മാർച്ച് മുതൽ 2000 മാർച്ച് വരെ, 2000 മാർച്ച് മുതൽ 2005 മാർച്ച് വരെ എന്നിങ്ങനെയാണ് അധികാര കാലം.
  10. സുഷമ സ്വരാജ് -ഡൽഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയാണ് സുഷമ സ്വരാജ്. ബിജെപി സ്ഥാനാര്‍ഥിയായാണ് സുഷമ ജയിച്ച് കയറിയത്. 1998 ഒക്‌ടോബർ മുതൽ 1998 ഡിസംബർ വരെയാണ് സുഷമ സ്വരാജിന്‍റെ അധികാര കാലം.
  11. ഷീലാ ദീക്ഷിത് -ഡൽഹി കണ്ട രണ്ടാമത്തെ വനിത മുഖ്യമന്ത്രിയാണ് ഷീലാ ദീക്ഷിത്. കോൺഗ്രസുകാരിയായ ഷീല, 1998 ഡിസംബർ മുതൽ 2013 ഡിസംബർ വരെയാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചത്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വനിത എന്ന ബഹുമതിയും ഷീലാ ദീക്ഷിതിനാണ്.
  12. ഉമാഭാരതി -മധ്യപ്രദേശിലെ ആദ്യ വനിത മുഖ്യമന്ത്രിയാണ് ഉമാഭാരതി. ബിജെപി സ്ഥാനാര്‍ഥിയായാണ് ഉമാഭാരതി വിജയിച്ച് കയറിയത്. 2003 ഡിസംബർ മുതൽ 2004 ഓഗസ്‌റ്റ് വരെയാണ് ഉമാഭാരതി അധികാരത്തിലിരുന്നത്.
  13. വസുന്ധര രാജെ -രാജസ്ഥാനിലെ ആദ്യ വനിത മുഖ്യമന്ത്രിയാണ് വസുന്ധര രാജെ. ബിജെപി ടിക്കറ്റില്‍ വിജയിച്ച വസുന്ധര രാജെ 2003 ഡിസംബർ മുതൽ 2008 ഡിസംബർ വരെയും (ഒന്നാം ടേം) 2013 ഡിസംബർ മുതൽ 2018 ഡിസംബര്‍ വരെയുമാണ് മുഖ്യമന്ത്രിയായി തുടര്‍ന്നത്.
  14. മമത ബാനർജി -പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബനര്‍ജി 2011 മെയ് മുതൽ ഇതുവരെ ആ സ്ഥാനത്ത് തുടരുകയാണ്. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയാണ് മമത.
  15. ആനന്ദി ബെഹൻ പട്ടേൽ -ഗുജറാത്തിലെ ആദ്യ വനിത മുഖ്യമന്ത്രിയാണ് ആനന്ദി ബെഹന്‍. ബിജെപി ടിക്കറ്റില്‍ വിജയിച്ച് കയറിയ ആനന്ദി, 2014 മെയ് മുതൽ 2016 ഓഗസ്‌റ്റ് വരെയാണ് മുഖ്യമന്ത്രിയായി തുടര്‍ന്നത്.
  16. മെഹബൂബ മുഫ്‌തി -2016 ഏപ്രിൽ മുതൽ 2018 ജൂൺ വരെ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്നു മെഹബൂബ മുഫ്‌തി. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയാണ് മെഹ്‌ബൂബ മുഫ്‌തി.

Also Read :അരവിന്ദ് കെജ്‌രിവാൾ രാജിവച്ചു; തലസ്ഥാനത്തെ ഇനി അതിഷി നയിക്കും

ABOUT THE AUTHOR

...view details