ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് വിനായക ചതുര്‍ഥി ആയി ആഘോഷിക്കുന്നത്. വിഘ്‌നങ്ങളെല്ലാം അകറ്റുന്ന വിഘ്‌നേശ്വരനായുള്ള ദിനം ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ളതാണ്. ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ഥിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
വിഘ്‌നേശ്വരന്‍, ഗജാനനന്‍, വക്രതുണ്ഡ, ധൂമ്രകേതു, ഏകദന്ത, സിദ്ധി വിനായക എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതി ഐശ്വര്യത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ദേവനായാണ് കണക്കാക്കപ്പെടുന്നത്. ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിൽ തടസങ്ങൾ നീങ്ങാനും ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനും കാരണമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകള്‍ നടത്തുകയോ ചെയ്യുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. വിനായക ചതുര്‍ഥി ദിനത്തില്‍ ചില ക്ഷേത്രങ്ങളില്‍ ആനയൂട്ടും മറ്റ് പൂജകളും നടത്താറുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പത്ത് ദിവസത്തെ ആഘോഷമായാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്.
ഗണേശ ചതുർഥിയുടെ ഉത്ഭവം പുരാതന കാലത്തിലാണ്. ആദ്യ കാലങ്ങളില്‍ മഹാരാഷ്‌ട്രയിലും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു വിനായക ചതുര്‍ഥി ആഘോഷങ്ങൾ നടന്നുവന്നിരുന്നത്. ഇപ്പോൾ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിനായക ചതുര്‍ഥി വിപുലമായി ആഘോഷിക്കുന്നുണ്ട്. പത്ത് ദിവസത്തെ ആഘോഷമായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. കേരളത്തില്‍ സമീപ കാലത്തായാണ് വിനായക ചതുര്‍ഥിയുടെ വലിയ ആഘോഷങ്ങള്‍ ആരംഭിച്ചത്.
ഐതിഹ്യം :ഒരു ദിവസം, ശിവൻ തന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ബാലനായ ഗണേശൻ വഴിയിൽ തടഞ്ഞു. ശിവന്‍റെ അഭാവത്തിലാണ് പാർവതി ദേവി ഗണപതിയെ സൃഷ്‌ടിച്ചത്. അതിനാൽ ശിവനാണ് തന്‍റെ പിതാവെന്ന് ഗണേശന് അറിയില്ലായിരുന്നു. ശിവപ്രവേശനം നിരസിച്ച ഗണേശനോട് കോപാകുലനായ ശിവൻ ഗണപതിയുെട തല വെട്ടിമാറ്റി.
ഇതറിഞ്ഞ പാർവതി ദേവി ക്രോധം കൊണ്ട് ജ്വലിച്ചു. തുടർന്ന് ലോകമെമ്പാടും കറങ്ങിനടന്ന് അമ്മ പരിപാലിക്കാത്ത ഒരു കുട്ടിയെ കണ്ടെത്താൻ ശിവന്‍ ആളുകളോട് നിർദേശിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അമ്മ ആന ഉപേക്ഷിച്ച ഒരു കുട്ടിയാനയെ കണ്ടെത്തി. പരമശിവന്‍റെ ആളുകൾ ആനയുടെ തലയെടുത്ത് ശിവന്‍റെ സമക്ഷം എത്തിച്ചു. തുടർന്ന് ആ തല ഗണേശന്‍റെ ശരീരത്തിൽ ഘടിപ്പിച്ചു.
Also Read:വിനായക ചതുർഥി തെപ്പരഥോത്സവത്തിന് കൊടിയേറി; തളിക്കുളത്തിന് ഇനി ഉത്സവനാളുകള്‍