ന്യൂഡൽഹി :നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നാണംകെടുത്തിയെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്ന് പറയാറുണ്ടായിരുന്ന ബിജെപിയുടെ ധാർഷ്‌ട്യം 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തകർന്നതായും ഖാര്‍ഗെ പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ പ്രസംഗത്തിലുള്ള ചർച്ചാ വേളയിലാണ് ഖാർഗെയുടെ വിമര്‍ശനം. സമ്പത്തിന്‍റെ പുനർവിതരണം, മംഗൾസൂത്ര, സംവരണം, മുജ്‌റ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളിലും ഖാർഗെ ആഞ്ഞടിച്ചു.
പ്രധാനമന്ത്രി മോദിയുടെ 'ഏക് അകേല സബ് പേ ഭാരിട' (എല്ലാവരെക്കാളും പ്രധാനപ്പെട്ടത് ആ ഒരാളാണ്) എന്ന പരാമർശത്തെ പരിഹസിച്ച അദ്ദേഹം 'ഏക് അകേല പർ ആജ് കിത്‌നെ ലോഗ് ഭാരീ ഹേ, എലക്‌ഷന്‍ നേ ദിഖാ ദിയാ കി ദേശ് കാ സംവിധാൻ ഔർ ജനതാ സബ് പർ ഭാരീ ഹേ' (ഭരണഘടനയും പൊതു സമൂഹവുമാണ് എല്ലാറ്റിനും മേൽ തൂക്കം നിൽക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു) എന്ന് തിരിച്ചടിച്ചു.
പേപ്പർ ചോർച്ച ആയിരക്കണക്കിന് നീറ്റ് ഉദ്യോഗാർത്ഥികളെ ബാധിച്ചതായി ഖാര്‍ഗെ പറഞ്ഞു. പേപ്പർ ചോർച്ച ആദ്യം നിഷേധിച്ച സർക്കാർ പിന്നീട് വ്യക്തത വരുത്തുകയും ക്രമക്കേടുകൾ നടന്നതായി അംഗീകരിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതി നിർത്തലാക്കാനും ഖാര്‍ഗെ ആവശ്യപ്പെട്ടു.