ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ദേശീയ തലസ്ഥാന നഗരിയില്‍ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ന്യൂഡൽഹി ലോക്‌സഭ മണ്ഡലത്തിലെ 67-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് ഗവർണർ വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യ ലോകത്തിലെ യഥാർഥ ശക്തിയായി ഉയർന്നുവരുമെന്ന് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് ഖാൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളുടെയും പരമാധികാരത്തിന്‍റെയും ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു വികാരമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ എഎപിയുടെ സോമനാഥ് ഭാരതിയും ബിജെപിയുടെ ബൻസുരി സ്വരാജും തമ്മിലാണ് പോരാട്ടം.
ദേശീയ തലസ്ഥാനത്തെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. ആകെ 162 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഡൽഹിയിൽ ഒരു കോടി 52 ലക്ഷം വോട്ടർമാരുണ്ട്. അതിൽ 82 ലക്ഷം പുരുഷന്മാരും 70 ലക്ഷം സ്‌ത്രീകളുമാണ്. 2.5 ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണുള്ളത്.
ചാന്ദ്‌നി ചൗക്ക്, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി എന്നിവയാണ് ഡൽഹിയിലെ ഏഴ് പാർലമെന്‍റ് മണ്ഡലങ്ങൾ. ഡൽഹിക്ക് പുറമെ ബീഹാറിലെ എട്ട് സീറ്റുകളും ഹരിയാന -10, ജമ്മു കശ്‌മീര്‍ - 1, ജാർഖണ്ഡ് - 4, ഒഡീഷ - 6, ഉത്തർപ്രദേശ് - 14, പശ്ചിമ ബംഗാള്‍ - 8 എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ്.