ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ തിഹാര്‍ ജയിലിലെ ആദ്യ രാത്രി നിദ്രാവിഹീനം. ജയിലിലെ ഒരു ചെറിയ സെല്ലാണ് കെജ്‌രിവാളിന് അനുവദിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് നാല് മണിയോടെ ജയിലിലെത്തിച്ച എഎപി ദേശീയ കണ്‍വീനറെ വൈദ്യ പരിശോധനയ്ക്ക് ശേഷം സെല്ലിലേക്ക് അയച്ചതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിനെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ജയിലില്‍ എത്തിയ ശേഷം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് അന്‍പതിനും താഴെ ആയിരുന്നു. ഡോക്‌ടര്‍മാരുടെ നിർദ്ദേശപ്രകാരം മരുന്നുകള്‍ നല്‍കി. ഏഷ്യയിലെ ഏറ്റവും വലിയ ജയിലിലെ രണ്ടാം നമ്പര്‍ സെല്ലില്‍ പാര്‍പ്പിക്കുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് കെജ്‌രിവാള്‍. ഇന്ന് ഭാര്യയും കുട്ടികളും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
പഞ്ചസാരയുടെ അളവ് അറിയാനുള്ള ഉപകരണം, ഗ്ലൂക്കോമീറ്റര്‍, ഇസബ്‌ഗോല്‍, ഗ്ലൂക്കോസ്, മിഠായി എന്നിവ അദ്ദേഹത്തിന്‍റെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്നു. ഇവയെല്ലാം അനുവദിക്കണമെന്ന് കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വൈകിട്ട് അദ്ദേഹത്തിന് ചായ നല്‍കി. രാത്രിയില്‍ കഴിക്കാന്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും എത്തിച്ചു. കിടക്കയും കമ്പിളിയും രണ്ട് തലയണകളും അദ്ദേഹത്തിന് നല്‍കിയെന്നും ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സിമന്‍റ് തറയില്‍ അല്‍പ്പനേരം ഉറങ്ങിയശേഷം രാത്രിയില്‍ സെല്ലില്‍ നടക്കുകയായിരുന്നു എന്നും അവര്‍ അറിയിച്ചു.
രാവിലെയും അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ അവസ്ഥയിലായിരുന്നു. തിഹാര്‍ ജയിലിലെ ഡോക്‌ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകും വരെ ഇത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാവിലെ അദ്ദേഹം സെല്ലിനുള്ളില്‍ ധ്യാനിച്ചു. പിന്നീട് അദ്ദേഹത്തിന് ചായയും രണ്ട് ബിസ്‌ക്കറ്റും നല്‍കി.
തിഹാര്‍ ജയിലിലെ സുരക്ഷാവിഭാഗം ജീവനക്കാരില്‍ രണ്ട് പേരെയും ഒരു ജയില്‍ വാര്‍ഡനെയും അദ്ദേഹത്തിന്‍റെ സെല്ലിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ വഴി ജയില്‍ അധികൃതര്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സേവനത്തിനായി ഒരു സംഘവും അദ്ദേഹത്തിന്‍റെ സെല്ലിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ട രാമായണം, മഹാഭാരതം, ഹൗ പ്രൈം മിനിസ്‌റ്റര്‍ ഡിസൈഡ് തുടങ്ങിയ പുസ്‌തകങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. മതപരമായ ലോക്കറ്റ് ധരിക്കാനും അധികൃതര്‍ അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്.
Also Read:കെജ്‌രിവാൾ ജയിലിലേക്ക്: ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ - ED Produce Kejriwal Before Court
അദ്ദേഹം കാണാനാഗ്രഹിക്കുന്ന ആറ് പേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. ഭാര്യ സുനിത കെജ്‌രിവാള്‍, മകന്‍,മകള്‍, പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാര്‍, എഎപി ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) സന്ദീപ് പതക് എന്നിവരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. ഈ മാസം പതിനഞ്ച് വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുന്നത്. അദ്ദേഹത്തെ ജയിലില്‍ നിന്ന് പുറത്ത് വിട്ടാല്‍ ഡല്‍ഹി മദ്യനയ അഴിമതിയിലെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.