ചെന്നൈ: ഒരു വിമാനം നിലത്തിറങ്ങാന്‍ ശ്രമിക്കുകയും എന്നാല്‍ റണ്‍വേയില്‍ വെള്ളം നിറഞ്ഞിരിക്കുകയും കനത്ത കാറ്റും മൂലം അവസാന നിമിഷം വീണ്ടും പറന്ന് പൊങ്ങുകയും ചെയ്യുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
ഫെന്‍ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയും സമീപപ്രദേശങ്ങളും കനത്ത മഴയുടെയും വെള്ളക്കെട്ടിന്‍റെയും പിടിയിലമര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം ഉച്ചയ്ക്ക് 12.30 മുതല്‍ അടച്ചിട്ടു. ഇന്നലെ വൈകിട്ടോടെ മഴയ്ക്ക് ശമനം വന്നിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനം കടുത്ത കാലാവസ്ഥയ്ക്കിടയിലും ഇറങ്ങാന്‍ ശ്രമിച്ചത്. കനത്ത കാറ്റ് മൂലം ലംബമായി റണ്‍വേയിലേക്ക് ഇറങ്ങാനായിരുന്നു ശ്രമം. റണ്‍വേയോട് അടുത്തപ്പോഴേക്കും വൈമാനികന്‍ വിമാനത്തെ വീണ്ടും മുകളിലേക്ക് ഉയര്‍ത്തി. കാറ്റിനും മഴയ്ക്കുമിടയിലെ ഒരു ആകാശ സാഹസിക പ്രകടനം പോലെയാണ് ആ ദൃശ്യങ്ങള്‍.
സുരക്ഷാ പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചാണ് വിമാന ജീവനക്കാര്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇത്തരം സാഹചര്യങ്ങളില്‍ പരിശീലനം സിദ്ധിച്ച വൈമാനികര്‍ക്ക് സ്വന്തം നിലയില്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വകുപ്പുണ്ട്. സുരക്ഷിതമായി ഇറക്കാനുള്ള നീക്കം വിജയിച്ചില്ല. തുടര്‍ന്ന് വീണ്ടും വിമാനം പറന്നുയരുകയായിരുന്നു. യാത്രികരുടെയും ജീവനക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷയ്ക്ക് തന്നെയാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
നേരത്തെ, ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ 200ഓളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇത് മൂലം നിരവധി യാത്രക്കാര്‍ പത്ത് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ കുടുങ്ങി.