കേരളം

kerala

ETV Bharat / bharat

മോദി പൊലീസ് ഓഫിസറെ പോലെ, എഎപി നേതാക്കളെ ജയിലിലടയ്‌ക്കുന്നു: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍ - KEJRIWAL SWIPE AT PM MODI - KEJRIWAL SWIPE AT PM MODI

ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദർ ജെയിൻ എന്നിവരെ കള്ളക്കേസിൽ കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു.

CHIEF MINISTER ARVIND KEJRIWAL  PM NARENDRA MODI  KEJRIWAL AGAINST MODI  LOK SABHA ELECTION 2024
KEJRIWAL SWIPE AT PM MODI (Source : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 22, 2024, 9:46 AM IST

ന്യൂഡൽഹി :എഎപി രാജ്യസഭ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'താനേദാർ' (പൊലീസ് ഓഫിസർ) എന്ന് വിളിച്ച് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യത്തിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി, തന്‍റെ പാർട്ടി നേതാക്കളിൽ പലരെയും അറസ്‌റ്റ് ചെയ്യുന്നത് കണ്ട് ജനങ്ങൾ തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയേയാണോ അതോ പൊലീസ് ഉദ്യോഗസ്ഥനെ ആണോ എന്ന് ചോദിച്ചു. ചൊവ്വാഴ്‌ച (മെയ് 21) ദേശീയ തലസ്ഥാനത്ത് ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി ഭജൻപുരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തീരുമാനം നിങ്ങളുടേതാണ് (ജനങ്ങൾ) നിങ്ങൾ 'താമര' ചിഹ്നത്തിന് (ബിജെപിയുടെ) വോട്ട് ചെയ്‌താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരും. പക്ഷേ, നിങ്ങൾ (സഖ്യകക്ഷിയായ കോൺഗ്രസിന്‍റെ) 'കൈ' ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നതെങ്കിൽ എനിക്ക് ജയിലിൽ പോകേണ്ടി വരില്ല. മാത്രമല്ല അവർ (ബിജെപി) പ്രതിപക്ഷത്തിന്മേൽ ഗുണ്ടായിസം അഴിച്ചുവിട്ടിരിക്കുകയാണ്' കെജ്‌രിവാൾ പറഞ്ഞു.

പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദർ ജെയിൻ എന്നിവരെ വെവ്വേറെ കേസുകളിൽ അറസ്‌റ്റ് ചെയ്‌ത കാര്യവും അദ്ദേഹം ഉയർത്തിക്കാട്ടി. 'അവർ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ ജയിലിലടച്ചു, ഇപ്പോൾ, അവർ എന്‍റെ മുൻ പിഎയേയും ജയിലിലാക്കി. സൗരഭ് ഭരദ്വാജിനെയും അതിഷിയേയും ജയിലിലേക്ക് അയക്കാനും അവർ പദ്ധതിയിടുന്നു' എന്നും കെജ്‌രിവാൾ സൂചിപ്പിച്ചു.

മുമ്പ് നടത്തിയ നിരവധി റെയ്‌ഡുകളിൽ പാർട്ടി നേതാക്കളിൽ നിന്ന് പൈസ കണ്ടെടുത്തിരുന്നോ എന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് അദ്ദേഹം ചോദിച്ചു. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എഎപി മേധാവി അവകാശപ്പെട്ടു. '100 കോടി രൂപയുടെ വ്യാജവും സാങ്കൽപ്പികവുമായ അഴിമതിയിൽ ഞങ്ങളെ കുടുക്കാൻ അവർ ശ്രമിക്കുന്നു' -അദ്ദേഹം പറഞ്ഞു.

'നിങ്ങൾ 500-ലധികം റെയ്‌ഡുകൾ നടത്തി. എന്നിട്ട് ആ പണം നിങ്ങൾ കണ്ടെടുത്തോ? 100 കോടി എവിടെ? അത് വായുവിൽ അപ്രത്യക്ഷമാകുമോ?' -കെജ്‌രിവാൾ ചോദിച്ചു.

എഎപി കൺവീനർ ചൊവ്വാഴ്‌ച വൈകിട്ട് ഡൽഹി ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമായ ഭജൻപുരയിൽ റോഡ്‌ ഷോയും നടത്തി. കോൺഗ്രസിന്‍റെ കനയ്യ കുമാറാണ് ഈ സീറ്റിൽ ബിജെപിയുടെ സിറ്റിങ് എംപിയായ മനോജ് തിവാരിക്കെതിരെ മത്സരിക്കുന്നത്. എഎപി അധ്യക്ഷൻ നയിച്ച റോഡ്‌ ഷോയിലും കനയ്യ പങ്കെടുത്തിരുന്നു.

കേന്ദ്രത്തിലെ ബിജെപി - എൻഡിഎയുടെ സവിശേഷത 'കഴിവില്ലായ്‌മയും ദുർഭരണവും' ആണെന്ന് എഎപി അവകാശപ്പെട്ടു. ഇപ്പോൾ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ഭരണകക്ഷിയെ 'കഠിനമായ പാഠം' പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎപിയെ അഴിമതിയിൽ മുങ്ങിയ പാർട്ടിയായി മുദ്രകുത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെയും കെജ്‌രിവാള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെപ്പോലെ 'യു-ടേൺ' എടുത്ത ഒരാളെ താൻ കണ്ടിട്ടില്ലെന്നായിരുന്നു അമിത്‌ ഷായുടെ പ്രതികരണം. കെജ്‌രിവാൾ കോടികളുടെ അഴിമതി നടത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചിരുന്നു. 'എന്‍റെ ജീവിതത്തിൽ കെജ്‌രിവാളിനെക്കാൾ നാണംകെട്ട ഒരാളെ ഞാൻ കണ്ടിട്ടില്ല, ലാലു-ജി കാലിത്തീറ്റ കുംഭകോണം കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ബിഹാറില്‍ സ്ഥാനമൊഴിഞ്ഞു. എന്നാൽ, കെജ്‌രിരിവാൾ തന്‍റെ കസേരയിൽ മുറുകെ പിടിക്കുന്നത് തുടരുകയാണ്' എന്നും അമിത് ഷാ വിമർശിച്ചു.

ALSO READ : ആംആദ്‌മി പാർട്ടിയെ പിന്തുണക്കുന്ന ഇന്ത്യക്കാർ പാക്കിസ്ഥാനികളോ? അമിത് ഷായ്ക്ക് മറുപടിയുമായി കെജ്‌രിവാൾ

ABOUT THE AUTHOR

...view details