ന്യൂഡൽഹി:ആം ആദ്‌മി പാർട്ടിയെ പിന്തുണക്കുന്ന ഇന്ത്യക്കാർ പാക്കിസ്ഥാനികളാണോയെന്ന് അമിത് ഷായോട് ചോദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാഹുലിൻ്റെയും കെജ്‌രിവാളിൻ്റെയും അനുയായികൾ പാക്കിസ്ഥാനിലുണ്ടെന്ന് ഡൽഹിയിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിൻ്റെ പ്രതികരണം.
"അമിത് ഷാ ഇന്നലെ ഡൽഹിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ റാലിയിൽ 500-ൽ താഴെ ആളുകളാണ് പങ്കെടുത്തത്. അദ്ദേഹം പ്രസംഗത്തിനിടെ സാധാരണക്കാർക്കുനേരെ മോശമായ ഭാഷ ഉപയോഗിച്ചു. ആം ആദ്‌മി പാർട്ടി അനുകൂലികൾ പാകിസ്ഥാനികളാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ 56 ശതമാനം ആളുകളും ഞങ്ങൾക്ക് വോട്ട് ചെയ്‌തു. അവർ പാകിസ്ഥാനികളാണോ? ഗുജറാത്തിൽ ഞങ്ങൾക്ക് 14 ശതമാനം വോട്ടുകൾ ലഭിച്ചു. ഗുജറാത്തിലുളളവർ പാകിസ്‌ഥാനികളാണോ? ഇന്ത്യയിലെ എല്ലാ ആളുകളും പാകിസ്ഥാനികളാണോ?" കെജ്‌രിവാൾ ചോദിച്ചു.
"പ്രധാനമന്ത്രി അമിത് ഷായെ തൻ്റെ പിൻഗാമിയായി തെരഞ്ഞെടുത്തതുകൊണ്ടാണ് അഹങ്കാരം കാണിക്കുന്നത്. നിങ്ങൾ പ്രധാനമന്ത്രിയാകില്ല, കാരണം ജൂൺ നാലിന് ആളുകൾ ബിജെപി സർക്കാരിനെ പിന്തുണയ്ക്കില്ല. അതിനാൽ നിങ്ങളുടെ അഹങ്കാരം കുറയ്ക്കുക. പൊതുജനങ്ങളെ ദ്രോഹിക്കരുത്".
ഡൽഹിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശങ്ങളോടും കെജ്‌രിവാൾ പ്രതികരിച്ചു. "യോഗിജി, നിങ്ങൾ എന്തിനാണ് ഞങ്ങളെ അധിക്ഷേപിക്കുന്നത്. നിങ്ങളുടെ യഥാർത്ഥ ശത്രുക്കൾ നിങ്ങളുടെ പാർട്ടിയിലാണ്. നിങ്ങളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്തുകൊണ്ട് അവരെ ആദ്യം കൈകാര്യം ചെയ്‌തുകൂടാ ? ജൂൺ നാലിന് ഇന്ത്യ സഖ്യം വിജയിക്കും. രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കൂ. ഇന്ത്യ സഖ്യം 300-ലധികം സീറ്റുകൾ നേടി ജൂൺ നാലിന് സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്".‘ഒരു രാജ്യം-ഒരു നേതാവ്’ എന്ന ദൗത്യമാണ് മോദിയും ഷായും ആസൂത്രണം ചെയ്യുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് എഎപി എംപി സ്വാതി മലിവാളിന് നേരെയുണ്ടായ ആക്രമണത്തെ ഉദ്ധരിച്ചുകൊണ്ട് ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കെജ്‌രിവാളിന് കഴിയുമോ എന്ന് അമിത് ഷാ ചോദിച്ചു."കെജ്‌രിവാളിനും രാഹുലിനും ഇന്ത്യയിൽ പിന്തുണയില്ല. അവരുടെ പിന്തുണക്കാർ പാകിസ്ഥാനിലുണ്ട്. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുകയും പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കുന്നതിനെക്കുറിച്ചും മുത്തലാഖ് നിരോധനം നീക്കുന്നതിനെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു". അമിത് ഷാ പറഞ്ഞു.
എഎപി ദേശീയ കൺവീനറേക്കാൾ കൂടുതൽ യു-ടേൺ എടുത്ത ഒരു നേതാവിനെയും ഞാൻ കണ്ടിട്ടില്ല. ജയിലിൽ പോയിട്ടും മുഖ്യമന്ത്രിയായി തുടരുന്ന ഏക നേതാവാണ് കെജ്‌രിവാൾ. ഡൽഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിൽ ബിജെപി വിജയിച്ചതിന് ശേഷം കെജ്‌രിവാളിനെ മുഖ്യമന്ത്രിയുടെ കസേരയിൽ നിന്നും നീക്കും. റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഇന്ത്യ സഖ്യത്തിൻ്റെ വോട്ട് ബാങ്കാണെന്നും അമിത് ഷാ ആരോപിച്ചു.
Also Read :'നാക്കുപിഴച്ചു, പ്രായശ്ചിത്തമായി വ്രതമെടുക്കും'; 'ജഗന്നാഥന്‍ മോദി ഭക്തന്‍' പരാമര്‍ശത്തില്‍ ക്ഷമാപണവുമായി സംബിത് പത്ര