ഹൈദരാബാദ് :ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടം പുരോഗമിക്കവെ സമൂഹ മാധ്യമത്തില്‍ വാക്‌പോരുമായി പാക് മുന്‍ മന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രിയും. പാകിസ്ഥാൻ മുൻ മന്ത്രി ഫവാദ് ചൗധരിയുടെ പോസ്റ്റിന് തക്ക മറുപടി നല്‍കിയാണ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്.
'വിദ്വേഷത്തിന്‍റെയും തീവ്രവാദത്തിന്‍റെയും ശക്തികളെ സമാധാനവും ഐക്യവും ചേര്‍ന്ന് പരാജയപ്പെടുത്തട്ടെ.' എന്നായിരുന്നു ചൗധരിയുടെ പോസ്‌റ്റ്. എന്നാല്‍ തീവ്രവാദത്തിന്‍റെ സ്പോൺസർമാര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും ആദ്യം സ്വന്തം കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു കെജ്‌രിവാളിന്‍റെ മറുപടി.
'ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. തീവ്രവാദത്തിന്‍റെ ഏറ്റവും വലിയ സ്പോൺസർമാരുടെ ഇടപെടൽ ഇന്ത്യ വച്ചുപൊറുപ്പിക്കില്ല. ചൗധരി സാഹിബ്... എനിക്കും എന്‍റെ രാജ്യത്തെ ജനങ്ങൾക്കും ഞങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പൂർണ ശേഷിയുണ്ട്. നിങ്ങളുടെ ട്വീറ്റ് ആവശ്യമില്ല. പാകിസ്ഥാനിലെ സ്ഥിതി ഇപ്പോൾ വളരെ മോശമാണ്. നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പരിപാലിക്കുക'- എന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ മറുപടി പോസ്‌റ്റ്.
കെജ്‌രിവാളിന്‍റെ പോസ്‌റ്റിന് പിന്നാലെ ഫവാദ് ചൗധരി വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഒരു രാജ്യത്തിന്‍റെ സ്വന്തം വിഷയമായിരിക്കാമെന്നും എന്നാൽ തീവ്രവാദം അതിരുകളില്ലാത്ത ഒരു പ്രതിഭാസമാണെന്നും എല്ലാവരും ആശങ്കപ്പെടേണ്ടതുണ്ടെന്നുമായിരുന്നു ചൗധരിയുടെ മറുപടി.
'CM sb! തീർച്ചയായും തെരഞ്ഞെടുപ്പ് നിങ്ങളുടെ സ്വന്തം വിഷയമാണ്. പക്ഷേ പാകിസ്ഥാനിലായാലും ഇന്ത്യയിലായാലും തീവ്രവാദം അതിരുകളില്ലാത്ത ഒരു പ്രതിഭാസമാണ്. അത് ഇന്ത്യയോ പാകിസ്ഥാനോ ആകട്ടെ, എല്ലാവർക്കും അപകടകരമാണ്. അതിനാൽ കുറച്ച് മനസാക്ഷിയുള്ള എല്ലാവരും ആശങ്കാകുലരായിരിക്കണം. ആദർശത്തിന് വളരെ അകലെയാണ്, എന്നാൽ വ്യക്തികൾ എവിടെയായിരുന്നാലും മെച്ചപ്പെട്ട സമൂഹത്തിനായി പരിശ്രമിക്കണം. പാകിസ്ഥാനിലെ സാഹചര്യം കുറച്ച് മോശമാണ്. എന്നാൽ വ്യക്തികൾ എവിടെയായിരുന്നാലും മെച്ചപ്പെട്ട സമൂഹത്തിനായി പരിശ്രമിക്കണം'- ചൗധരി എക്‌സില്‍ കുറിച്ചു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും തെരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്‌തും ചൗധരി പ്രസ്‌താവിച്ചു. പാകിസ്ഥാനെതിരെ ആഞ്ഞടിക്കാതെ ഇന്ത്യയിലെ രാഷ്‌ട്രീയക്കാരുടെ പ്രസംഗം പൂർത്തിയാകില്ല. എന്നാൽ പാക്കിൽ ഇന്ത്യൻ രാഷ്‌ട്രീയത്തെക്കുറിച്ച് ആരും വേവലാതിപ്പെടാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ മുസ്ലീങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പാക്ക് അവബോധരാണ്. എന്നാല്‍ മുസ്ലീം വിരുദ്ധ വികാരം പ്രകടിപ്പിക്കാൻ ബിജെപി പാകിസ്ഥാനെ ഉപയോഗിക്കുന്നതായിരിക്കാം ഒരു കാരണമെന്നും ചൗധരി പറഞ്ഞു.
അതിനിടെ പിതാവിനും ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് താൻ ആറാം ഘട്ടത്തില്‍ വോട്ട് ചെയ്‌തതെന്ന് കെജ്‌രിവാൾ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. 'എന്‍റെ അമ്മയ്ക്ക് അസുഖമുണ്ട്. അതിനാല്‍ അവർക്ക് പോകാൻ കഴിഞ്ഞില്ല. സ്വേച്ഛാധിപത്യത്തിനും തൊഴിലില്ലായ്‌മക്കും വിലക്കയറ്റത്തിനും എതിരെയാണ് ഞാൻ വോട്ട് ചെയ്‌തത്. നിങ്ങളും പോയി വോട്ട് ചെയ്യണം'- കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.