കാസർകോട് :തെരഞ്ഞെടുപ്പിൽ വിജയത്തിനാണ് പ്രാധാന്യമെങ്കിലും സ്ഥാനാർഥികളുടെ ഭൂരിപക്ഷവും ചർച്ചയാകാറുണ്ട്. 1957ൽ ഇടത് സ്ഥാനാർഥിയായ (സിപിഐ) എകെ ഗോപാലൻ എന്ന എകെജി കാസർകോട് മണ്ഡലത്തിൽ നിന്ന് ജയിച്ചപ്പോൾ 5145 വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാൽ 1962ൽ ചിത്രം മാറി ഏറെ ജനപ്രീതിയോടെ ജയിച്ച എകെജിക്ക് ലഭിച്ചത് 83,363 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു.
1967ൽ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ഭൂരിപക്ഷം ഒരുലക്ഷത്തിലേക്ക് ഉയർത്താൻ എകെജിക്ക് കഴിഞ്ഞു. അന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച എകെജിക്ക് 1,18,510 വോട്ടിന്‍റെ ഭൂരിപക്ഷം നേടാനായി. അങ്ങനെ കാസർകോട് ഇടതുകോട്ടയായി അറിയപ്പെട്ടു. എന്നാൽ 1971ൽ അന്നത്തെ യുവ നേതാവ് കോൺഗ്രസിന് വേണ്ടി രംഗത്ത് എത്തിയ കടന്നപ്പള്ളി രാമചന്ദ്രന് മുന്നിൽ സിപിഎമ്മിന് അടി തെറ്റി. അന്ന് കോൺഗ്രസിന് ഭൂരിപക്ഷം 28404.
1977ലും കടന്നപ്പള്ളി രാമചന്ദ്രൻ ജയിച്ചു. ഭൂരിപക്ഷം 5042. അങ്ങനെ മണ്ഡലം തിരിച്ചുപിടിക്കാൻ 1980ൽ എം രാമണ്ണറൈയെ സിപിഎം രംഗത്തിറക്കി. ഇടത് കോട്ട തിരിച്ചുപിടിച്ചപ്പോൾ കിട്ടിയത് 73587ന്‍റെ ഭൂരിപക്ഷം. 1984 ൽ കോൺഗ്രസ് കാസർകോട് തിരിച്ചുപിടിച്ചു. ഐ രാമണ്ണറൈക്ക് കിട്ടിയത് 11369 വോട്ടിന്‍റെ ഭൂരിപക്ഷം. പിന്നീട് സിപിഎം എം രാമണ്ണറൈയെ കാസർകോട് തിരിച്ചുപിടിക്കാൻ ഏല്‌പിച്ചപ്പോൾ ഭൂരിപക്ഷം കുറഞ്ഞെങ്കിലും കാസർകോട് ഇടതിനൊപ്പം തന്നെ നിന്നു. ഭൂരിപക്ഷം 1546 ൽ ഒതുങ്ങി.