ബെംഗളൂരു : വോട്ടിങ് ശതമാനം വർധിപ്പിക്കാനായി വോട്ടർമാർക്ക് മസാലദോശയും ചായയും സൗജന്യമായി നൽകി കർണാടകയിലെ ഹോട്ടലുടമ. ശിവമോഗയിലെ ശുഭം ഹോട്ടൽ ഉടമയായ ഉദയ് കദംബയാണ് വോട്ട് ചെയ്‌തു വരുന്നവർക്ക് സൗജന്യ ടിഫിൻ നൽകിയത്. 12 മണിക്ക് മുമ്പ് വോട്ട് ചെയ്‌ത് വിരലിലെ വോട്ടിങ് മഷിയുടെ അടയാളം കാണിക്കുന്നവർക്കാണ് സൗജന്യമായി ചായയും ഭക്ഷണവും നൽകിയത്.
കർണാടകയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടമായ ഇന്ന് ഹോട്ടലിന് പുറത്ത് പ്രത്യേക കൗണ്ടർ തുറന്നാണ് ഭക്ഷണം നൽകിയത്. തന്‍റെ വാഗ്‌ദാനത്തോട് വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വലിയ തിരക്ക് അനുഭവപ്പെട്ടെന്നും ഉദയ് കദംബ പറഞ്ഞു. വോട്ടിങ് പ്രക്രിയയിൽ ജനങ്ങൾ പങ്കാളികളാവാനാണ് താൻ ഇതുവഴി അവസരമൊരുക്കിയതെന്നും ഹോട്ടലുടമ പറഞ്ഞു.