ബെംഗളൂരു: പൊതു ടോയ്‌ലറ്റിൽ യുവതിയുടെ മൊബൈൽ നമ്പർ 'കോൾ ഗേൾ' എന്ന് എഴുതി പ്രചരിപ്പിച്ചത് അവരുടെ മാനം കെടുത്തുക മാത്രമല്ല, മാനസിക പീഡനത്തിന് കൂടി കാരണമാകുമെന്ന് കർണാടക ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ട പ്രതികൾക്കെതിരായ കേസ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.
ബെംഗളൂരുവിലെ ഉപ്പരപ്പേട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ചിത്രദുർഗ സ്വദേശി അല്ലാ ബക്ഷ പാട്ടീലാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരനെതിരെയുള്ള കുറ്റപത്രം റദ്ദാക്കാനും കോടതി വിസമ്മതിച്ചു.
'ഒരു സ്‌ത്രീയുടെ സ്വകാര്യത തുറന്നുകാട്ടുന്നത് അവൾക്ക് വ്യക്തിപരമായി ഗുരുതരമായ മാനസിക ഉപദ്രവമുണ്ടാക്കുന്നു. ഇത് ശാരീരിക ഉപദ്രവത്തേക്കാള്‍ കൂടുതൽ വേദന ഉണ്ടാക്കുന്നു. ഒരു സ്‌ത്രീക്കെതിരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ആഘാതകരമായ അനുഭവത്തിലേക്ക് നയിക്കുന്നതായി' ബെഞ്ച് പറഞ്ഞു.
'സ്‌ത്രീയെ കുറിച്ച് അസഭ്യം എഴുതിയും പൊതുജനങ്ങളെ വിളിച്ച് അശ്ലീലമായി സംസാരിക്കാനും പ്രേരിപ്പിച്ച് അവരുടെ അന്തസ് കെടുത്തുന്നതാണ് ഹർജിക്കാരൻ ചെയ്‌ത പ്രവൃത്തി. നിലവിലെ ഡിജിറ്റൽ യുഗത്തിൽ ശാരീരിക ഉപദ്രവം ആവശ്യമില്ല. ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പ്രസ്‌താവനകളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിച്ച് ഒരു സ്‌ത്രീയുടെ അന്തസ് ഹനിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ എത്തിയാൽ അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
'സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. എന്നാൽ ഇതില്‍ സ്‌ത്രീയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ കടന്നുകയറുകയാണ്. ഈ കേസുകൾ കർശനമായി പരിഗണിക്കണം.