ഭോപാൽ :കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേരാൻ പാർട്ടി പ്രവർത്തകരോടും പൊതുജനത്തോടും അദ്ദേഹം അഭ്യർഥിച്ചു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കുന്നതിൽ മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനും എതിരെ രാജ്യത്തുടനീളം തെരുവിലിറങ്ങി പോരാടുകയാണ്.
മധ്യപ്രദേശിൽ പുരോഗമിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പേർ പങ്കെടുക്കണം. രാഹുൽ ഗാന്ധിയ്ക്ക് ശക്തിയും ധൈര്യവുമായി കൂടെ നിൽക്കണം. അനീതിയ്‌ക്കെതിരെയുള്ള ഈ മഹത്തായ പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.