ചെന്നൈ:ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഏഴ് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുൻപേ ഒരു തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിൽ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്" എന്ന ആശയത്തിന് ശ്രമിക്കുന്നതിനു മുൻപ് "ഒരു തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം" എന്നെങ്കിലും പരീക്ഷിക്കാൻ സാധിക്കുമോ ? - കമൽ ഹാസൻ എക്‌സിൽ കുറിച്ചു.
ഇന്നലെയാണ് രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചത്. ഏപ്രിൽ 19 മുതൽ ആരംഭിക്കുന്ന വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ഒന്നാം ഘട്ടത്തിൽ 102 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഏപ്രിൽ 26 ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 89 മണ്ഡലങ്ങളിളിലെ വോട്ടെടുപ്പും നടക്കും. മെയ് 7 ന് നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
96 ലോക്‌സഭാ സീറ്റുകളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13 നും അഞ്ചാം ഘട്ടത്തിൽ 49 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 20 നും നടക്കും. മെയ് 25 ന് നടക്കുന്ന ആറാം ഘട്ട തെരഞ്ഞെടുപ്പിൽ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ജൂൺ 1ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.