അഗര്‍ത്തല: വണ്ടർ ബുക്ക് ഓഫ് റെക്കോഡ് ഇൻ്റർനാഷണലില്‍ ഇടം നേടി ത്രിപുര ഹൈക്കോടതി ജഡ്‌ജി അമർനാഥ് ഗൗഡ്. ഏറ്റവും കൂടുതൽ കേസുകൾ തീര്‍പ്പാക്കിയാണ് അമർനാഥ് ഗൗഡ് ഈ അപൂര്‍വ ബഹുമതി കരസ്ഥമാക്കിയത്. തെലങ്കാന ഗവര്‍ണര്‍ ജിഷ്‌ണവ് വര്‍മ രാജ്ഭവനിൽ വച്ച് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. പരിപാടിയിൽ വണ്ടർ ബുക്ക് ഓഫ് റെക്കോഡ് ഇൻ്റർനാഷണലിൻ്റെ ഇന്ത്യ കോർഡിനേറ്റർ ബിങ്കി നരേന്ദ്ര ഗൗഡും ലയൺ വിജയലക്ഷ്‌മിയും പങ്കെടുത്തു.
2017 മുതൽ ഇതുവരെയായി 91,157 കേസുകളാണ് അമര്‍നാഥ് തീര്‍പ്പാക്കിയത്. പ്രതിദിനം ശരാശരി 109 കേസുകള്‍ തീര്‍പ്പാക്കിയാണ് അദ്ദേഹം റെക്കോഡ് സൃഷ്‌ടിച്ചത്. ഹൈദരാബാദ് സ്വദേശിയായ അമർനാഥ് ഗൗഡ് 2017 ല്‍ തെലങ്കാനയുടെയും എപിയുടെയും സംയുക്ത ഹൈക്കോടതിയിലാണ് ജഡ്‌ജിയായി സേവനം ആരംഭിക്കുന്നത്.
പിന്നീട് 2021 ഒക്ടോബർ 28ന് അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റി. 2022 നവംബർ 11 മുതൽ 2023 ഏപ്രിൽ 16 വരെ ത്രിപുര ഹൈക്കോടതിയുടെ ആക്‌ടിങ് ചീഫ് ജസ്റ്റിസായും അമര്‍നാഥ് സേവനം അനുഷ്‌ഠിച്ചു. തെലങ്കാന ഹൈക്കോടതിയിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ 40 ശതമാനവും ത്രിപുര ഹൈക്കോടതിയിൽ തീർപ്പാക്കാത്ത കേസുകളിൽ 60 ശതമാനവും തീര്‍പ്പാക്കി എന്ന നേട്ടം അമര്‍നാഥിന് മാത്രം അവകാശപ്പെടാനുളളതാണ്.