ഹൈദരാബാദ്: തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ചലച്ചിത്ര നടി കസ്‌തൂരി അറസ്റ്റിൽ. ഹൈദരാബാദ് ഗച്ചിബൗളിയിൽ നിർമാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നടിയെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചെന്നൈയിൽ ഹിന്ദു മക്കൾ കച്ചിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിൽ നടി പങ്കെടുക്കുകയും തെലുങ്ക് ജനതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തുകയുമായിരുന്നു. നിരവധി തെലുങ്ക് സംഘടനകളും സെലിബ്രിറ്റികളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് ചെന്നൈയിലെ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ചെന്നൈ എഗ്‌മോറിൽ പ്രവർത്തിക്കുന്ന തെലുങ്ക് സംഘടനയുടെ പരാതിയിൽ നാല് വകുപ്പുകൾ പ്രകാരം നടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഈ കേസിൽ സമൻസ് അയയ്‌ക്കുന്നതിനായി പൊലീസ് അടുത്തിടെ കസ്‌തൂരിയുടെ പോസ് ഗാർഡനിലെ വസതിയിലെത്തിയിരുന്നു.
വീട് പൂട്ടിക്കിടന്നതിനാൽ നടിയുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആദ്യം റിങ്ങ് ചെയ്‌ത ഫോൺ പിന്നീട് സ്വിച്ച് ഓഫായി. ശേഷം, കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്‌ത നടിയെ ചെന്നൈയിലേക്ക് കൊണ്ടുപോയി.
Also Read: ഷാരൂഖ് ഖാന് നേരെ വധഭീഷണി; അഭിഭാഷകന്‍ അറസ്‌റ്റില്‍