ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ബിജെപിയും കോൺഗ്രസും പരസ്‌പരം പരാതി നൽകിയതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടി അധ്യക്ഷന്മാരോടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇരുപാര്‍ട്ടികളും പരസ്‌പരം നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കമ്മിഷന്‍ പ്രത്യേകം കത്തയച്ചു. തിങ്കളാഴ്‌ച (നവംബർ 18) ഉച്ചയ്ക്ക് ഒരുമണിക്കകം ഇരു പാർട്ടി അധ്യക്ഷന്മാരും കമ്മിഷന് മറുപടി നല്‍കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് താരപ്രചാരകരെ നിയന്ത്രിക്കാന്‍ ഇരുപാര്‍ട്ടികളോടും കമ്മിഷന്‍ വീണ്ടും നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നതിന് അത് ആവശ്യമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ വലിയ പ്രചാരണമാണ് നടത്തുന്നത്.