കേരളം

kerala

ETV Bharat / bharat

ജൂനിയര്‍ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, മമതയുടെ മൗനത്തെ ചോദ്യം ചെയ്‌ത് ബിജെപി - Junior Doctor Raped Murdered - JUNIOR DOCTOR RAPED MURDERED

വെള്ളിയാഴ്‌ചയാണ് ജൂനിയര്‍ ഡോക്‌ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയ്ക്ക് പുറത്തുള്ള ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്.

STUDENTS PROTEST  RG KAR MEDICAL COLLEGE  MAMATA BANARJEE  BJP
RG Kar Medical College (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 3:29 PM IST

Updated : Aug 10, 2024, 4:35 PM IST

കൊല്‍ക്കത്ത: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിത ഡോക്‌ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പശ്ചിമബംഗാളില്‍ വന്‍ രാഷ്‌ട്രീയ കോളിളക്കങ്ങള്‍. വെള്ളിയാഴ്‌ചയാണ് ജൂനിയര്‍ ഡോക്‌ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു. ആശുപത്രിയുമായി ബന്ധമില്ലാത്ത ആളാണ് അറസ്റ്റിലായിരിക്കുന്നത്. പരിശീലനത്തിലുള്ള രണ്ട് ഡോക്‌ടര്‍മാരെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മരിക്കും മുമ്പ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ ആളിന്‍റെ പ്രവൃത്തികളെല്ലാം സംശയമുണര്‍ത്തുന്നതാണ്. ഇയാള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ അര്‍ദ്ധനഗ്നമായ നിലയിലാണ് ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വകുപ്പിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.

ശരീരത്തില്‍ മുറിപ്പാടുകളുമുണ്ടായിരുന്നു. വ്യാഴാഴ്‌ച രാത്രിയില്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ്. തന്‍റെ മകള്‍ കാര്‍ മെഡിക്കല്‍ കോളജില്‍ വച്ച് ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നും എന്നാല്‍ സത്യങ്ങള്‍ മൂടി വയ്ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നും കൊല്ലപ്പെട്ട ഡോക്‌ടറുടെ പിതാവ് ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തില്‍ മൗനം പാലിക്കുന്നുവെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.

സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്നതാണെന്ന് ബിജെപിയുടെ വിവരാകാശ സാങ്കേതിക വകുപ്പ് ചുമതലയുള്ള അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. മൃതദേഹം ഡ്യൂട്ടി റൂമിലാണ് കണ്ടെത്തിയത്. മമത സര്‍ക്കാര്‍ കുറ്റകൃത്യം ഒളിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ ആരോപിച്ചു.

പൊലീസിന് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു. ഇത് ആത്മഹത്യയാണെന്ന് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മാധ്യമങ്ങളെ സംഭവ സ്ഥലത്തേക്ക് കടത്തിവിട്ടില്ല. പശ്ചിമബംഗാളില്‍ ഒരു സ്‌ത്രീയും സുരക്ഷിതയല്ലെന്ന് താന്‍ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഡോക്‌ടറുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്ന് അദ്ദേഹം വിദ്യാര്‍ഥി സമൂഹത്തോട് ആഹ്വാനം ചെയ്‌തു. രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുടെ മൃതദേഹം ആര്‍ജി കാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ മൂന്നാം നിലയിലുള്ള സെമിനാര്‍ ഹാളില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയിരിക്കുന്നു. ശരീരത്തില്‍ മുറിപ്പാടുകളുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ശ്വാസം മുട്ടി മരിച്ചതിന്‍റെ ലക്ഷണങ്ങളുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൊലപാതകമാണെന്നതിന്‍റെ എല്ലാ സൂചനകളുമുണ്ട്. ബലാത്സംഗം നടന്നെന്ന സൂചനകളും ലഭ്യമായിട്ടുണ്ട്. കേസ് എത്രയും വേഗം സിബിഐയ്ക്ക് കൈമാറണമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

സംഭവം ഗൗരവമായി പരിഗണിക്കാതെ സംസ്ഥാനസര്‍ക്കാര്‍ ഒരു പതിനൊന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. ഇതിലുള്ളതും പരിശീലനത്തിലുള്ള ഡോക്‌ടര്‍മാരാണ്. ഇതിനര്‍ത്ഥം സര്‍ക്കാര്‍ വീഴ്‌ചകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. അല്ലെങ്കില്‍ ഈ സംഭവം അത്ര ഗൗരവമായി എടുക്കുന്നില്ല. മരിച്ച വിദ്യാര്‍ഥിനിക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം കുറിച്ചു.

തന്‍റെ മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയ്ക്കാണ് ഈ ദാരുണ അനുഭവം ഉണ്ടായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. എല്ലാ രേഖകളും പരിശോധിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്‌തിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌ത് ശിക്ഷിക്കും.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച രാത്രിയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ നഗരത്തില്‍ മെഴുകുതിരി കൊളുത്തി പ്രകടനം നടത്തിയിരുന്നു. മൃതദേഹം കേന്ദ്ര ആശുപത്രികളില്‍ എവിടെയെങ്കിലും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ബിജെപി എംഎല്‍എ അഗ്നിമിത്ര പോള്‍ ആവശ്യപ്പെട്ടു. മൃതദേഹം നഗ്നമായിരുന്നതിനാല്‍ ബലാത്സംഗം നടന്നിരുന്നുവെന്ന് ഉറപ്പിക്കാം. പിന്നീട് കൊന്നതാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാത്രിയില്‍ സാധാരണ പോസ്റ്റ്‌മോര്‍ട്ടം നടത്താറില്ല. എന്നാല്‍ ഈ സംഭവത്തില്‍ അത് നടന്നു. സംസ്ഥാനത്തെ സംവിധാനം അനുസരിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെങ്കില്‍ സത്യം സംസ്‌കരിക്കപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധവുമായി എസ്‌എഫ്ഐയും ഡിവൈഎഫ്ഐയും

പരിശീലനത്തിലുണ്ടായിരുന്ന ഡോക്‌ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളിലുടനീളം പ്രതിഷേധം നടത്തുമന്ന് എസ്‌എഫ്ഐയും ഡിവൈഎഫ്ഐയും വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവന്‍ റോഡുകള്‍ ഇന്നും നാളെയും ഉപരോധിക്കുമെന്നും സിപിഎമ്മിന്‍റെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കി.

Also Read:6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അയൽവാസിക്ക് 65 വർഷം കഠിനതടവ്

Last Updated : Aug 10, 2024, 4:35 PM IST

ABOUT THE AUTHOR

...view details