ന്യൂഡൽഹി: 1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി 'ഭരണഘടനാ ഹത്യാ ദിനം' ആയി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അടിയന്തരാവസ്ഥക്കാലത്തെ കടുത്ത അധികാര ദുർവിനിയോഗത്തിനെതിരെ പോരാടുകയും, ദുരിതം അനുഭവിക്കുകയും ചെയ്‌തവർക്ക് വേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആ വേദനാജനകമായ നാളുകളിൽ സർക്കാരിനെതിരെ പോരാടിയ എണ്ണമറ്റ ആളുകളുടെ മഹത്തായ സംഭാവനകൾ ഈ ദിനത്തിൽ ഓർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അന്നത്തെ സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്നും അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ജനങ്ങൾ അതിരുകടന്ന അതിക്രമങ്ങൾക്ക് വിധേയരായെന്നും ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടനയിലും ജനാധിപത്യത്തിന്‍റെ ശക്തിയിലും അചഞ്ചലമായ വിശ്വാസമുണ്ടെന്ന് പ്രസ്‌താവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, ഭാവിയിൽ ഇത്തരം കടുത്ത അധികാര ദുർവിനിയോഗത്തെ പിന്തുണയ്ക്കാതിരിക്കാൻ ഇന്ത്യയിലെ ജനങ്ങളെ സ്വയം പുനർനിർമ്മിക്കുക എന്നതാണ് 'ഭരണഘടനാ ഹത്യാ ദിനം' ലക്ഷ്യമിടുന്നതെന്നും പറയുന്നു.