തിരുവനന്തപുരം : അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്‌റ്റ് ചെയ്‌ത് തിരുവനന്തപുരം റൂറൽ പൊലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് തിരുവനന്തപുരം റൂറൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജില്ല പൊലീസ് മേധാവി കിരൺ നാരായണിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും വെള്ളറട പൊലീസും ചേർന്ന് അതിസാഹസികമായാണ് അനീസിനെ പിടികൂടിയത്.
കല്ലറ തണ്ണിയം കുഴിവിള സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് ഒഡിഷയിൽ എത്തി സ്ഥിരതാമസമാക്കിയതായിരുന്നു. മാവോയിസ്‌റ്റ് സ്വാധീനമുള്ള വനമേഖലയിൽ കഞ്ചാവ് കൃഷി ചെയ്‌ത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്ന സംഘത്തിന്‍റെ തലവൻ ആണ് ഇയാൾ. ബാൽഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകൾ. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയുമാണ് ഇയാൾ കഴിഞ്ഞത്.
ഇതിനിടെ കഴിഞ്ഞ മാർച്ചിൽ വെള്ളറട ആറാട്ടുകുഴിയിൽ വാഹന പരിശോധനക്കിടെ 47 കിലോ കഞ്ചാവുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് അന്വേഷണം ജാഫറിലേക്ക് എത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ അഞ്ചു മാസമായി അന്വേഷണസംഘം ഇയാളുടെ പിന്നാലെ ആയിരുന്നു. രണ്ടു പ്രാവശ്യം ഒഡിഷയിലെ ഗ്രാമത്തിൽ കേരള പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കിയ ഇയാൾ മാവോയിസ്‌റ്റ് സ്വാധീനമുള്ള വനമേഖലയിലേക്ക് ഉൾവലിയുകയായിരുന്നു. ഇത് മനസിലാക്കിയ അന്വേഷണസംഘം റെയിൽവേ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ബാൽഡ ഗ്രാമത്തിൽ എത്തി. ബാൽഡ ഗുഹക്ക് സമീപം വനത്തിൽ ഒഡിഷ പൊലീസിനെ പോലും അറിയിക്കാതെ ദിവസങ്ങളോളം തങ്ങിയാണ് തിരുവനന്തപുരം പൊലീസ് അതിസാഹസികമായി ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
തിരുവനന്തപുരം റൂറൽ എസ്‌പിയെ കൂടാതെ നാർകോട്ടിക് സെൽ ഡിവൈഎസ്‌പി പ്രദീപ് കെ, നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഷാജി എസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. വെള്ളറട സബ് ഇൻസ്‌പെക്‌ടർ റസൽ രാജ് ആർ, സിപിഒ ഷൈനു ആർ എസ്, ഡാന്‍സാഫ് സബ് ഇൻസ്‌പെക്‌ടർ ബിജുകുമാർ ആർ, അസിസ്‌റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ സതികുമാർ ആർ, എസ് സിപിഒ അനീഷ് കെ ആർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.