ന്യൂഡൽഹി : രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിനെക്കുറിച്ച് എൻഐഎ പ്രസ്‌താവന പുറത്തിറക്കി. എൻഐഎ പ്രസ്‌താവന പ്രകാരം മുസാവിർ ഹുസൈൻ ഷാസിബ്, അബ്‌ദുൾ മത്തീൻ അഹമ്മദ് താഹ, മസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ), സ്ഫോടക വസ്‌തുക്കൾ തടയൽ നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം (പിഡിപിപി) എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2024 മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടക്കുന്നത്. സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും കഫേയിലെ വസ്‌തുവകകൾക്ക് നാശം സംഭവിക്കുകയും ചെയ്‌തിരുന്നു. മാർച്ച് 3 ന് കേസിൽ അന്വേഷണം ആരംഭിച്ച എൻഐഎ വിവിധ സംസ്ഥാന പൊലീസ് സേനകളുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ച് നിരവധി സാങ്കേതികവും ഫീൽഡ് അന്വേഷണങ്ങളും നടത്തിയതായി പ്രസ്‌താവനയിൽ പറയുന്നു.
മുസാവിർ ഹുസൈൻ ഷാസിബാണ് ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അൽ-ഹിന്ദ് മൊഡ്യൂൾ തകർത്തതിന് ശേഷം 2020 മുതൽ ഇയാൾ താഹയ്‌ക്കൊപ്പം ഒളിവിലായിരുന്നു. സ്‌ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തിൽ നിന്ന് എൻഐഎ നടത്തിയ വ്യാപകമായ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്നുള്ള രണ്ടുപേർ ഐഎസ് തീവ്രവാദികളാണെന്നും ഇവർ നേരത്തെ സിറിയയിലെ ഐഎസ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ ഗൂഢാലോചന നടത്തിയിരുന്നതായും എൻഐഎ പ്രസ്‌താവനയിൽ പറയുന്നു. മാസ് മുനീർ അഹമ്മദും മുസമ്മിൽ ഷെരീഫും ഉൾപ്പെടെയുള്ള മുസ്‌ലീം യുവാക്കളെ ഐഎസ്ഐഎസിൽ ചേർക്കാൻ താഹയും ഷാസിബും തീവ്രമായി ശ്രമിച്ചു. താഹയും ഷാസിബും വ്യജ രേഖകൾ നിർമിച്ച് ഇന്ത്യൻ സിം കാർഡ് എടുത്ത് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലഷ്‌കറെ ബെംഗളൂരു ഗൂഢാലോചന കേസിൽ ഒളിവിൽ കഴിയുന്ന ഷൊയ്ബ് അഹമ്മദ് മിർസ എന്ന മുൻ പ്രതിയാണ് താഹയെ മുഹമ്മദ് ഷഹീദ് ഫൈസലിന് പരിചയപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അൽ-ഹിന്ദ് ഐഎസ്ഐഎസ് മൊഡ്യൂൾ കേസിലെ പ്രതിയായ മെഹബൂബ് പാഷയ്ക്കും ഐഎസ്ഐഎസ് ദക്ഷിണേന്ത്യന്‍ പ്രധാനിയായ അമീർ ഖാജാ മൊഹിദീനും പിന്നീട് മാസ് മുനീർ അഹമ്മദിനും താഹ ഫൈസലിനെ പരിചയപ്പെടുത്തി.
താഹയ്ക്കും ഷാസിബിനും അവരുടെ ഹാൻഡ്‌ലർ ആയ ഫൈസല്‍ ക്രിപ്‌റ്റോകറൻസികളിലൂടെ ധനസഹായം നൽകി. ബെംഗളൂരുവിൽ വിവിധ അക്രമങ്ങൾ നടത്താനാണ് പ്രതികൾ ഈ ഫണ്ട് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കൂടുതൽ വ്യക്തമായി.
2024 ജനുവരി 22 ന് അയോധ്യയിലെ പ്രാൺ പ്രതിഷ്‌ഠ ചടങ്ങിൻ്റെ ദിവസം ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള സംസ്ഥാന ബിജെപി ഓഫിസിൽ നടന്ന ഐഇഡി ആക്രമണവും ഇവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു, ഇതിന് ശേഷമാണ് രണ്ട് പ്രധാന പ്രതികൾ രാമേശ്വരം കഫേ സ്‌ഫോടനം ആസൂത്രണം ചെയ്‌തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എൻഐഎ കൂട്ടിചേർത്തു.