ന്യൂഡൽഹി : നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള തന്‍റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ സുപ്രീം കോടതിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ശിവലിംഗത്തിലിരിക്കുന്ന തേൾ' എന്ന് പരാമർശച്ചതിനെ തുടര്‍ന്നുണ്ടായ അപകീര്‍ത്തി കേസിലാണ് തരൂര്‍ നടപടി നേരിടുന്നത്. കേസിലെ നടപടി റദ്ദാക്കാൻ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ആഴ്‌ച വിസമ്മതിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് അഭിഭാഷകൻ വിഷയം ഉന്നയിച്ചത്. ചൊവ്വാഴ്‌ച തന്നെ കേസ് പരിഗണിക്കണമെന്നും അല്ലാത്തപക്ഷം കേസില്‍ ശശി തരൂര്‍ ഡൽഹി ഹൈക്കോടതിയിൽ ഹാജരാകേണ്ടി വരുമെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞു.
വിഷയത്തില്‍ കോടതിക്ക് ഒരു ഇമെയിൽ അയക്കാൻ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 29ന് തരൂരിനെതിരായ മാനനഷ്‌ടക്കേസ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രഥമദൃഷ്‌ട്യ പ്രധാനമന്ത്രിക്കെതിരെ 'ശിവലിംഗത്തിലിരിക്കുന്ന തേൾ’ പോലുള്ള ആരോപണങ്ങൾ നടത്തുന്നത് നിന്ദ്യമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഡൽഹി ബിജെപി വൈസ് പ്രസിഡന്‍റ് രാജീവ് ബബ്ബറാണ് തരൂരിനെതിരെ പരാതി നൽകിയത്.