ന്യൂഡൽഹി: ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ജെപി നദ്ദ അധ്യക്ഷനാകും. ജെപി നദ്ദയുടെ വസതിയിലാണ് യോഗം ചേരുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ 'ഗാവോ ചലോ അഭിയാൻ', മറ്റ് ദൈനംദിന പാർട്ടി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്താനാണ് യോഗം നടത്തുന്നത്. നിർണായക തെരഞ്ഞെടുപ്പ് പോരാട്ടം ലക്ഷ്യമിട്ട് ഫെബ്രുവരി 4 മുതൽ 11 വരെ ബിജെപി ‘ഗാവോ ചലോ അഭിയാൻ’ നടത്തും.
പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി പ്രവർത്തകരെ മറ്റ് ജില്ലകളിലേക്ക് നിയോഗിക്കുകയും 7 ലക്ഷം ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള എല്ലാ ബൂത്തുകളിലും 24 മണിക്കൂറോളം ചെലവഴിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്യും. മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരുന്ന പ്രവർത്തകരെ പാർട്ടിയിലെ ഉന്നതർ പ്രവാസി കാര്യകർത്താക്കൾ എന്ന് നാമകരണം ചെയ്‌തു.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ച് പൊതുവിശ്വാസം സമ്പാദിക്കാൻ പാർട്ടിയെ സഹായിക്കാനുള്ള ചുമതല ഈ പ്രവർത്തകരെ ഏൽപ്പിക്കും. നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നടത്തുന്ന ശ്രമങ്ങൾ ജനങ്ങളുമായുള്ള ഇടപഴകൽ ആഴത്തിലാക്കാനും അവരുടെ വിശ്വാസവും തെരഞ്ഞെടുപ്പ് പിന്തുണയും നേടാനും ബിജെപിയെ പ്രാപ്‌തമാക്കും.
തങ്ങളുടെ പ്രധാന വോട്ടർമാർക്കപ്പുറം ജനങ്ങളിലേക്ക് എത്തിച്ചേരാൻ ലക്ഷ്യമിട്ടുള്ള പാർട്ടിയുടെ നിരവധി പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രാദേശിക പാർട്ടി കേഡർ ചുമതലപ്പെടുത്തും. പാർട്ടിയുടെ ഉന്നത ഭാരവാഹികൾ സംസ്ഥാനങ്ങളിലുടനീളമുള്ള വോട്ടർമാരുടെ പട്ടിക പരിശോധിച്ച് 'NaMo' ആപ്പിലൂടെ വികസിത ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി സന്നദ്ധസേവനം നടത്താൻ ആളുകളെ പ്രാപ്‌തരാക്കും. ഇതിലൂടെ പ്രാദേശിക എൻജിഒകളുമായും സ്വയം സഹായ സംഘങ്ങളുമായും പാർട്ടി ഇടപെടും.
ഗാവ് ചലോ ക്യാമ്പയിന് ചില മുദ്രാവാക്യങ്ങളും ബിജെപി സജ്ജമാക്കിയിട്ടുണ്ട്. മോദിയുടെ സന്ദേശം എല്ലാ വീട്ടിലും എത്തും, ഗ്രാമം പുരോഗമിക്കും, രാജ്യവും പുരോഗമിക്കും എന്നീ തരത്തിലാണ് മുദ്രാവാക്യങ്ങള്‍.