ഷിംല:കുട്ടിക്കാലത്ത് തെരുവിൽ ഭിക്ഷ യാചിച്ചും മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തേടിയും അലഞ്ഞിരുന്ന ഹിമാചല്‍ സ്വദേശി പിങ്കി ഹരിയൻ ഇന്നെത്തി നില്‍ക്കുന്നത് ആതുര സേവനത്തിന്‍റെ അന്തസാര്‍ന്ന വിജയക്കൊടുമുടിയിലാണ്. ഇരുപതാം വയസില്‍ ചൈനീസ് മെഡിക്കൽ ബിരുദം പൂര്‍ത്തിയാക്കിയ പിങ്കി, ഇന്ത്യയിൽ വൈദ്യശാസ്‌ത്രം പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയ്ക്കായി തയാറെടുക്കുകയാണ്. തളര്‍ന്നുകിടക്കുന്നവര്‍ക്ക് നമ്മള്‍ നല്‍കുന്ന ഒരു കൈത്താങ്ങ് അവരെ എത്ര ഉയരങ്ങളിലെത്തിക്കും എന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് ടിബറ്റൻ സന്യാസിയായ ലോബ്‌സാങ് ജാംയാങ്ങും ഹിമാചല്‍ സ്വദേശി പിങ്കി ഹരിയനും.
2004ലാണ് ടിബറ്റൻ അഭയാർഥി സന്യാസിയും ധരംശാല ആസ്ഥാനമായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഡയറക്‌ടറുമായ ലോബ്‌സാങ് ജാംയാങ്, പിങ്കി ഹരിയൻ തെരുവില്‍ ഭിക്ഷ യാചിക്കുന്നത് കാണാനിടയാകുന്നത്. ചരൺ ഖുദിലെ ചേരി ക്ലസ്റ്ററിലെത്തി ലോബ്‌സാങ് ജാംയാങ് ആ പെൺകുട്ടിയെ കണ്ടെത്തി. പിങ്കിയെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്ന് അവളുടെ മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കുക എന്നത് ലോബ്‌സാങ് ജാംയാങ്ങിന് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. മണിക്കൂറുകൾ നീണ്ട സംസാരത്തിനൊടുവില്‍ പിങ്കിയുടെ പിതാവ് കശ്‌മീരി ലാല്‍ മകളുടെ പഠനത്തിന് സമ്മതംമൂളി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ധരംശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളിൽ പിങ്കി ഹരിയൻ പ്രവേശനം നേടി. ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്കായി 2004ൽ സ്ഥാപിച്ച ആ ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർഥികളിൽ ഒരാളായിരുന്നു പിങ്കി. തന്‍റെ മാതാപിതാക്കളെയും ഓടിക്കളിച്ച് നടന്നിരുന്ന വീടും മിസ് ചെയ്യാറുണ്ടായിരുന്നെങ്കിലും പിങ്കിയുടെ മനസില്‍ ഒരു കാര്യം നന്നേ ചെറുപ്പത്തിലേ ഉറച്ചിരുന്നു... എങ്ങനെയും പഠിക്കണം, അത് മാത്രമാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള മാര്‍ഗം. ആ ചിന്തയാണ് അവളെ മുന്നോട്ട് നയിച്ചതെന്ന് ഉമങ് ഫൗണ്ടേഷന്‍ എന്‍ജിഒ പ്രസിഡന്‍റും ജാംയാങ്ങിന്‍റെ സുഹൃത്തുമായിരുന്ന അജയ് ശ്രീവാസ്‌തവ പറയുന്നു.
പിങ്കിയുടെ ആത്മ സമർപ്പണത്തിന്‍റെ ഫലങ്ങള്‍ വൈകാതെ പുറത്തുവന്നു തുടങ്ങി. സീനിയർ സെക്കണ്ടറി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച പിങ്കി, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും (അണ്ടർ ഗ്രാജ്വേറ്റ്) പാസായി. എന്നാല്‍ അമിത ഫീസ് എന്ന ഭാരം കാരണം സ്വകാര്യ മെഡിക്കൽ കോളജുകളുടെ വാതിലുകൾ അവൾക്ക് മുന്നില്‍ കൊട്ടി അടക്കപ്പെട്ടു.
യുകെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സഹായത്തോടെ, 2018ൽ ചൈനയിലെ ഒരു പ്രശസ്‌ത മെഡിക്കൽ കോളജിൽ പിങ്കി ഹരിയന്‍ പ്രവേശനം നേടി. എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കി അടുത്തിടെയാണ് പിങ്കി ധരംശാലയിൽ തിരിച്ചെത്തിയത്.