മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മഹാരാഷ്‌ട്രയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ജല്‍ഗാവിലെ ഇപ്പോഴത്തെ എംപി ഉന്‍മേഷ് പാട്ടീല്‍ ശിവസേനയുടെ ഉദ്ദവ് താക്കറെ പക്ഷത്തേക്ക് ചേക്കേറി. ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഉദ്ദവ് താക്കറെയുടെ മുംബൈയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് ഉന്‍മേഷ് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാട്ടീലിന്‍റെ ശിവസേന പ്രവേശനം. യഥാര്‍ത്ഥ കാവിക്കൊടി ഇക്കുറി ജല്‍ഗാവില്‍ പാറുമെന്ന് പാട്ടീലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പ്രതീക്ഷ പ്രകടിപ്പിച്ചു.
താന്‍ ചെയ്‌ത വികസന പ്രവര്‍ത്തനങ്ങളെയൊന്നും ബിജെപി മാനിച്ചില്ലെന്ന് ഉന്‍മേഷ് പാട്ടീല്‍ ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി താന്‍ സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. താന്‍ സംഘങ്ങളെയോ ജാതിയോ മതമോ നോക്കാതെയാണ് മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചത്. പ്രതികാര രാഷ്‌ട്രീയം തനിക്ക് മടുത്തെന്നും അദ്ദേഹം വ്യക്‌തമാക്കി.