ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് ബിജെപി. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വാദങ്ങളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മൂന്നാം വട്ടവും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 'മൂന്നിലൊന്ന് മോദി' സര്‍ക്കാര്‍ ആയിരിക്കും ഇത്തവണ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ ആന്ധ്രാപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുമെന്ന വാഗ്‌ദാനം മോദി പാലിക്കുമോ എന്നതുള്‍പ്പടെ നാല് ചോദ്യങ്ങളും ജയറാം രമേശ് ഉന്നയിച്ചു. തനിക്ക് പ്രധാനമന്ത്രിയോട് നാല് ചോദ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ചോദ്യങ്ങൾ ആന്ധ്രാപ്രദേശിന് വേണ്ടിയും രണ്ടെണ്ണം ബീഹാറിന് വേണ്ടിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുക്കപ്പെടാൻ പോകുന്ന മൂന്നിലൊന്ന് പ്രധാനമന്ത്രിയോട് ഞങ്ങളുടെ നാല് ചോദ്യങ്ങൾ'
1. 2014 ഏപ്രിൽ 30 ന്, വിശുദ്ധ നഗരമായ തിരുപ്പതിയിൽ, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുമെന്ന് നിങ്ങൾ വാഗ്‌ദാനം ചെയ്‌തു. ആ വാഗ്‌ദാനം ഇപ്പോൾ നിറവേറ്റപ്പെടുമോ?
2. വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്‍റിന്‍റെ സ്വകാര്യവത്ക്കരണം നിങ്ങൾ ഇപ്പോൾ നിർത്തുമോ?
3. ബീഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകിക്കൊണ്ട് 2014 ലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനവും സഖ്യകക്ഷിയായ നിതീഷ് കുമാറിന്‍റെ പത്തുവർഷത്തെ ആവശ്യവും നിങ്ങൾ നിറവേറ്റുമോ?
4. ബീഹാർ പോലെ രാജ്യത്തുടനീളം ജാതി സെൻസസ് നടത്തുമെന്ന് നിങ്ങൾ വാഗ്‌ദാനം ചെയ്യുമോ?" എന്നിങ്ങനെ നാല് ചോദ്യങ്ങൾ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 272 സീറ്റിൽ ഭൂരിപക്ഷം ലഭിക്കാത്ത സമീപകാല സംഭവവികാസങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ആന്ധ്രാപ്രദേശിലും ബിഹാറിലും യഥാക്രമം 16, 12 സീറ്റുകൾ നേടിയ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെയും നിതീഷ് കുമാറിന്‍റെ ജെഡിയുവിന്‍റെയും മറ്റ് സഖ്യ കക്ഷികളുടേയും പിന്തുണയോടെയാണ് എൻഡിഎയുടെ ഭുരിപക്ഷം പകുതിയോളം കടന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ വെറും 52 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയത് കോൺഗ്രസിന്‍റെ വൻ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യാബ്ലോക്കിന്‍റെ ആകെ അംഗസംഖ്യ 234 ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, നരേന്ദ്ര മോദി ജൂൺ 8ന് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് വൃത്തങ്ങൾ അറിയച്ചു. പുതിയ എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെ കുറിച്ച് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ആകും സത്യപ്രതിജ്ഞ നടക്കുക.
നരേന്ദ്ര മോദിയെ മൂന്നാം തവണയും തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കാനുള്ള പ്രമേയം ബുധനാഴ്‌ച ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഏകകണ്‌ഠമായി പാസാക്കി. ബുധനാഴ്‌ച ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന നിർണായക യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും കഴിഞ്ഞ ദശാബ്‌ദക്കാലമായി അദ്ദേഹത്തിന്‍റെ മാർഗനിർദേശപ്രകാരം രാജ്യം കൈവരിച്ച പുരോഗതിയിലും എൻഡിഎ നേതാക്കൾ ആദരവ് പ്രകടിപ്പിച്ചു.
അതിനിടെ, കേന്ദ്രമന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു ബുധനാഴ്‌ച (ജൂണ്‍ 5) പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ടു. ചൊവ്വാഴ്‌ച (ജൂണ്‍ 4) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഫലമനുസരിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 293 സീറ്റുകളുമാണ് നേടിയത്. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും അതത് സംസ്ഥാനങ്ങളിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ :ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപി എന്ത് കൊണ്ട് മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 'സംപൂജ്യ'രായി