ഉത്തർപ്രദേശ്:രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പാളം തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 'ന്യായ് യാത്ര പാളം തെറ്റില്ല, രാഹുല്‍ ഗാന്ധിയെ നിശബ്‌ദനാക്കാനാകില്ല'. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുന്നതിന് മുമ്പായിരുന്നു ജയറാം രമേശ് തന്‍റെ എക്‌സില്‍ ഇങ്ങനെ കുറിച്ചത്.
'ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭയക്കില്ല, അമേത്തി ജില്ലയിലെ ഫുർസന്ത്ഗഞ്ചിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് 38-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് രാവിലെ യാത്ര താൽക്കാലികമായി നിർത്തി. ഉച്ചയ്ക്ക് 2 മണിക്ക് ഞങ്ങൾ ഫുർസത്ഗഞ്ചിൽ നിന്നും യാത്ര വീണ്ടും ആരംഭിക്കും. ഇന്ന് തന്നെ റായ്ബറേലിയിലേക്കും തുടര്‍ന്ന് ലഖ്‌നൗവിലേക്കും പര്യടനം നടത്തും'.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. ആള്‍ജാമ്യവും രാഹുല്‍ ഹാജരാക്കണം ("Nyay Yatra Will Not Be Derailed": Jairam Ramesh)
ബിജെപി നേതാവായ വിജയ് മിശ്രയാണ് കേസിലെ പരാതിക്കാരന്‍. 2018-ലെ കര്‍ണാടക തെരഞ്ഞെടുപ്പിനിടെ പത്രസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ്. പരാമര്‍ശം അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണെന്നും വിജയ് മിശ്ര ആരോപിച്ചിരുന്നു.
നേരത്തെ, ജനുവരി 18-ന് കോടതിയില്‍ ഹാജരാവാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ ഹാജരായിരുന്നില്ല. ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവെച്ചാണ് രാഹുല്‍ സുല്‍ത്താന്‍പുര്‍ കോടതിയില്‍ ഹാജരായത്.