ബെംഗളൂരു:വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരുകൂട്ടം വിക്ഷേപണ എഞ്ചിനുകളെയാണ് വികാസ് ലിക്വിഡ് എഞ്ചിൻ എന്ന് പറയുന്നത്. പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ പ്രസ്‌താവനയിലൂടെ അറിയിച്ചു.
പുതിയ പരീക്ഷണങ്ങളുടെ വിക്ഷേപണ ഘട്ടത്തില്‍ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യകളുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങളില്‍ വികാസ് ലിക്വിഡ് എഞ്ചിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
"ഈ പരീക്ഷണത്തിൽ, എഞ്ചിൻ 60 സെക്കൻഡ് നേരത്തേക്ക് ആദ്യം പ്രവര്‍ത്തിപ്പിച്ചു, തുടർന്ന് 120 സെക്കൻഡ് നേരത്തേക്ക് ഷട്ട്-ഓഫ് ചെയ്‌തു, പിന്നീട് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള റീസ്റ്റാർട്ടും ഫയറിങ്ങും നടത്തി. പരീക്ഷണ സമയത്ത് എല്ലാ എഞ്ചിൻ പാരാമീറ്ററുകളും പ്രതീക്ഷിച്ചതുപോലെ സാധാരണ നിലയിലായിരുന്നു," എന്ന് ഐഎസ്‌ആര്‍ഒയുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബറിൽ 42 സെക്കൻഡ് ഷട്ട്-ഓഫ് സമയവും ഏഴ് സെക്കൻഡ് ഫയറിങ് ദൈർഘ്യവുമുള്ള ഒരു പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ വാഹനങ്ങളിലെ വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
അതേസമയം, ഐഎസ്ആർഒയുടെ എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ കോർ ലിക്വിഡ് സ്റ്റേജ് (എൽ110) ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സമുച്ചയത്തിൽ നിന്ന് വെള്ളിയാഴ്‌ച ഐഎസ്ആർഒ ചെയർപേഴ്‌സൺ വി നാരായണൻ ഫ്ലാഗ് ഓഫ് ചെയ്‌തു.