ഹൈദരാബാദ്: മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയൊക്കെ മുന്‍കൂട്ടി അറിയാനായാല്‍ എത്ര ജീവനുകള്‍ നമുക്ക് രക്ഷിക്കാനാകും. ചിലപ്പോഴെങ്കിലും നമ്മളോരോരുത്തരും ഇത്തരത്തില്‍ ചിന്തിച്ചിട്ടില്ലേ?. ഇതാ അതിന് ഒരു പരിഹാരമായിരിക്കുന്നു('Inventive-2024').
ഐഐടികളിലും എന്‍ഐടികളിലും ഐഐഐടികളിലും രാജ്യത്തെ മറ്റ് പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലുമുള്ള ഗവേഷകരാണ് ഇത്തരം പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ കണ്ടുപിടിത്തങ്ങള്‍ ഹൈദരാബാദ് ഐഐടിയില്‍ നടക്കുന്ന "ഇന്‍വെറ്റീവ് 2024"ലാണ് അവതരിപ്പിച്ചിരിക്കുന്നത്(Natural calamities can detect early).
ജോധ്‌പൂര്‍ ഐഐടിയിലെ ഗവേഷകര്‍ വിവിധ അപകടങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഒരു സാങ്കേതികത വികസിപ്പിച്ചിരിക്കുകയാണ്. തലയില്‍ ചുമടേറ്റുന്നവര്‍ക്ക് നട്ടെല്ലിന് പ്രശ്‌ന മുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനും ഇവിടെ പരിഹാരമുണ്ട്. തലയിലെ ഭാരം തോളിലേക്ക് മാറ്റുന്നതിനുള്ള ഉപകരണവുമായാണ് ഒരു കൂട്ടം ഗവേഷകര്‍ ഇവിടെയെത്തിയിട്ടുള്ളത്. ഇത്തരം നിരവധി കണ്ടുപിടിത്തങ്ങളുടെ സമ്മേളനമായി മാറിയിരിക്കുകയാണ് ഈ പ്രദര്‍ശന ശാല. പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുത്ത പകുതിയും ഐഐടികളിലാണ് വികസിപ്പിച്ചെടുത്തതെന്ന് ഹൈദരാബാദ് ഐഐടിയുടെ മേധാവി ആചാര്യ ബി എസ് മൂര്‍ത്തി പറഞ്ഞു( Researchers new inventions).
മണ്ണിടിച്ചില്‍ നേരത്തെ അറിയാന്‍ സഹായിക്കുന്ന ഉപകരണം കണ്ടെത്തിയത് മാണ്ഡി ഐഐടിയിലെ ഡോ വരുണ്‍ദത്തും ഡോ കെ വി ഉദയും ചേര്‍ന്നാണ്. പ്രത്യേക ഉത്തോലകത്തില്‍ സജ്ജമാക്കിയ ഉപകരണമാണിത്. കൃത്യമായി താപനിലയും മഴയും കണക്കാക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. ഇത് വഴി മണ്ണിടിച്ചില്‍ സാധ്യത 24 മണിക്കൂറിന് മുമ്പ് തന്നെ തിരിച്ചറിയാനാകും. രണ്ടരലക്ഷം രൂപയാണ് ഈ ഉപകരണത്തിന്‍റെ നിര്‍മ്മാണച്ചെലവ്.
നമുക്ക് ഇഷ്ടമുള്ള ആകൃതിയിലും രൂപത്തിലും ഒരു ത്രിമാന കെട്ടിടം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. ഇതും സാധ്യമാക്കിയിരിക്കുന്നു ഇവിടെയെത്തിയിട്ടുള്ള ശാസ്ത്രജ്ഞര്‍. ഐഐടി ഗുവാഹത്തിയിലെ ശുഭം മൗര്യ, ബിരാഞ്ചി പാണ്ഡ, യു എസ് ദീക്ഷിത് എന്നിവരാണ് ഈ ത്രിഡി പ്രിന്‍റിംഗ് സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചെലവ് കുറഞ്ഞ രീതിയിലുള്ള കെട്ടിട നിര്‍മ്മാണം ഇതിലൂടെ സാധ്യമാകും. ഇവരുടെ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കായി ഇവര്‍ ഇത്തരത്തിലുള്ള മുറികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സജ്ജമാക്കി നല്‍കിയിട്ടുണ്ട്. സൈനികര്‍ക്കായി അതിര്‍ത്തിയിലും ഇത്തരത്തിലുള്ള ഒരു കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിലാണ് ഇവര്‍.
പ്രകൃതി സൗഹൃദ നാപ്കിനുകളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍ ലഭിക്കുന്ന രാസപദാര്‍ത്ഥങ്ങളടങ്ങിയ നാപ്കിനുകള്‍ സ്ത്രീകള്‍ക്ക് പല തരം അണുബാധകള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയുമായി ഹൈദരാബാദ് ഐഐടിയിലെ ഒരു വിദ്യാര്‍ത്ഥിനി രംഗത്ത് എത്തിയത്. ഐഐടിയിലെ കാര്‍ബണ്‍ ലാബ് വിദ്യാര്‍ത്ഥിനികളായ അമന്‍ ഫാത്തിമയാണ് സെല്ലുലോസ് അടിസ്ഥാനമാക്കി നാനോ നാരുകള്‍ ഉപയോഗിച്ചുള്ള പ്രകൃതി സൗഹൃദ നാപ്കിന്‍ രൂപകല്‍പ്പന ചെയ്തത്. ആചാര്യ ചന്ദ്രശേഖര ശര്‍മ്മയുടെ മേല്‍നോട്ടത്തിലായിരുന്നു ഈ ഗവേഷണം. ചെലവ് കുറവും എളുപ്പത്തില്‍ മണ്ണില്‍ ലയിക്കുന്നതുമാണ് ഈ നാപ്കിനുകള്‍. ഇത് എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കുമെന്നും ഇവര്‍ അറിയിച്ചു.
ബെഡിനെ ബോട്ടാക്കി മാറ്റിയാലോ? ഇതും ഐഐടി ഗവേഷകര്‍ പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ബോട്ടാണിത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഐഐടിയിലെ ഡോ മുത്തുകുമാരനും ബിശ്വാങ്കര്‍ നിയോഗിയുമാണ് ഈ ബോട്ട് രൂപകല്‍പ്പന ചെയ്തത്. 25000 രൂപയാണ് ഇതിന് ചെലവ്. സാധാരണ ഘട്ടത്തില്‍ ഇത് കിടക്കയായും ഉപയോഗിക്കാം. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ജീവന്‍ രക്ഷിക്കാനും ഇത് സഹായിക്കും. ഇക്കഴിഞ്ഞ മാസമുണ്ടായ ചെന്നൈ പ്രളയത്തില്‍ നിരവധി ജീവനുകള്‍ ഇതുപയോഗിച്ച് രക്ഷപ്പെടുത്തിയതായും ഇവര്‍ അവകാശപ്പെടുന്നു.