ചെന്നൈ:സൊമാലിയന്‍ തീരത്ത് ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക്ക് (MV Lila Norfolk) കപ്പലിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ കപ്പല്‍ തിരികെ ചെന്നൈയിലെത്തി. രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ നാവികസേനയുടെ ഐഎൻഎസ് ചെന്നൈ (INS Chennai) എന്ന യുദ്ധ കപ്പല്‍ ഇന്നലെയാണ് തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയത്. ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരി അഞ്ചിന് ആയിരുന്നു സൊമാലിയന്‍ തീരത്ത് വച്ച് ലില നോർഫോക്ക് എന്ന വ്യാപര കപ്പല്‍ ഹൈജാക്ക് ചെയ്യപ്പെട്ടത്. അജ്ഞാതാരയ ആറോളം പേരടങ്ങുന്ന സംഘമായിരുന്നു ചരക്ക് കപ്പലിനെ റാഞ്ചാനുള്ള ശ്രമം നടത്തിയത്. പ്രധാനപ്പെട്ട ജലപാതകളില്‍ കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടന മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ഈ വിവരം ഉടൻ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു.
പിന്നാലെ തന്നെ ഇന്ത്യന്‍ നാവികസേന വിഷയത്തില്‍ ഇടപെട്ടു. പട്രോളിങ് ആരംഭിച്ച ശേഷം ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിനെ സഹായിക്കുന്നതിനായി സമുദ്ര സുരക്ഷ പ്രവർത്തനങ്ങൾക്ക് വിന്യസിച്ച ഐഎൻഎസ് ചെന്നൈ യുദ്ധ കപ്പലിനെ വഴിതിരിച്ചുവിടുകയും ചെയ്‌തു. ഇന്ത്യൻ നാവികസേനയുടെ മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ് അടുത്ത ദിവസം പുലര്‍ച്ചെ കപ്പലിനെ മറികടന്ന് കപ്പലുമായി ബന്ധം സ്ഥാപിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്‌തിരുന്നു.
ഐഎൻഎസ് ചെന്നൈയില്‍ നിന്നും വിന്യസിച്ച ഹെലികോപ്‌റ്റര്‍ ചരക്ക് കപ്പലിന് മുകളിലെത്തി അജ്ഞാത സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ചരക്ക് കപ്പല്‍ കൊള്ളക്കാര്‍ ഉപേക്ഷിച്ച് പോയത്. ഈ സംഭവത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന 21 അംഗ സംഘത്തെയായിരുന്നു ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചത്.
Read More :'ഇന്ത്യന്‍ നേവിക്ക് നന്ദി'; കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ സന്തോഷത്തില്‍ 21 പേര്‍