ന്യൂഡല്‍ഹി:വരാനിരിക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബായാന്തോ പങ്കെടുത്തേക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യാതിഥി പ്രബോവോ തന്നെയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകില്ലെന്നാണ് വിവരം. നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച ശേഷം പ്രസിഡന്റ് പാകിസ്ഥാന് സന്ദര്‍ശിക്കുമെന്നാണ് ജക്കാര്‍ത്ത അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഇതിലെ ചില അസ്വഭാവികതകൾ ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹത്തിന്റെ പാക് സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ വർഷവും രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ലോകനേതാക്കളെ അതിഥികളായി ക്ഷണിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു മുഖ്യാതിഥി. 2023ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസി ആയിരുന്നു. 2021ലും 22ലും മുഖ്യാതിഥികള്‍ ഉണ്ടായിരുന്നില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അന്ന് മുഖ്യാതിഥികളെ ഒഴിവാക്കിയത്. 2020 ല്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സാനാരോ ആയിരുന്നു മുഖ്യാതിഥി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2019 ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസയുമെത്തി. 2018 ല്‍ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളായിരുന്നു മുഖ്യാതിഥികളായി പങ്കെടുത്തത്. 2017 ല്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനായിരുന്നു മുഖ്യാതിഥി. 2016ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയ്സ് ഹോളണ്ടെ എത്തി. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.