ഭീംപുർ (ബിഹാർ) :2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം നടക്കുന് പശ്ചാത്തലത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തി മെയ് 5 മുതൽ മെയ് 7 വരെ 72 മണിക്കൂർ നേരത്തേക്ക് അടച്ചു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഓരോ സന്ദർശകന്‍റെയും സാധനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ സൂക്ഷ്‌മമായി പരിശോധിക്കുന്നുണ്ട്.
അതിർത്തി അടച്ചിടുന്നത് അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്നും ആംബുലൻസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിഹാറിലെ 45-ാമത് ബിഎൻ എസ്എസ്ബി ബിർപൂർ ആക്ഷൻ കമാൻഡന്‍റ് ഓഫീസർ ജെകെ ശർമ പറഞ്ഞു.
ബിഹാറിലെ 40 ലോക്‌സഭ സീറ്റുകളിലേക്കും ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 7-ന് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ബിഹിറിലെ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിൽ ഒന്നാണ് അതിര്‍ത്തി പ്രദേശമായ സുപോള്‍. അരാരിയ, മധേപുര, ഖഗാരിയ, ജഞ്ജർപൂർ എന്നിവയാണ് മറ്റ് നാല് മണ്ഡലങ്ങള്‍. ദീർഘകാലമായി സോഷ്യലിസ്‌റ്റുകളുടെ ശക്തി കേന്ദ്രമാണ് സുപോള്‍.
സിറ്റിങ് എംപിയും ജെഡിയു നേതാവുമായ ദിലേശ്വർ കമൈത്തിനെതിരെ 25 വർഷത്തിന് ശേഷമാണ് ആർജെഡി ഒരു സ്ഥാനാർഥിയെ നിർത്തുന്നത്. 1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം 2024 ലാണ് മണ്ഡലത്തില്‍ ഒരു ആര്‍ജെഡി സ്ഥാനാര്‍ഥി എത്തുന്നത്.
അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ ഒരു പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് സുപോള്‍. എംഎല്‍എയായ ചന്ദ്രഹാസ് ചൗപാലിനെയാണ് ആര്‍ജെഡി രംഗത്തിറക്കിയിരിക്കുന്നത്. സിംഗേശ്വര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ ചൗപാൽ ആദ്യമായാണ് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്.
കോൺഗ്രസ്-ആർജെഡി സഖ്യം തങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെടുത്തിയെന്നും ബിഹാറിൽ ഏതെങ്കിലും സീറ്റ് നേടുകയെന്നത് അവർക്ക് സ്വപ്‌നം മാത്രമാകുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സുപോളിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. അഴിമതി ആരോപണ വിധേയരായ ആളുകളാണ് ബിഹാറില്‍ വികസനം കൊണ്ടുവരുമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു
ബിഹാറിലെ 40 സീറ്റുകളിലേക്കാണ് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019-ലെ തെരഞ്ഞെടുപ്പില്‍ 40 ൽ 39 സീറ്റുകൾ നേടി എൻഡിഎ തൂത്തുവാരിയിരുന്നു, കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് അന്ന് ലഭിച്ചത്. സംസ്ഥാനത്ത് ശക്തരായ ആർജെഡിക്ക് അക്കൗണ്ട് തുറക്കാനുമായില്ല. കഴിഞ്ഞ രണ്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പുകളിലും സുപോളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2014-ൽ 63.62 ശതമാനവും 2019-ൽ 65.77 ശതമാനവുമാണ് സുപോളിലെ പോളിങ്.
Also Read :ലൈംഗീക പീഡന കേസ്; എച്ച്‌ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയിൽ വിട്ടു - HD REVANNA TO SIT CUSTODY