ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുതിപ്പ് ഈ സാമ്പത്തിക വര്‍ഷവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ജിഡിപി നിരക്ക് 8.2 ശതമാനമായി. 2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 8 ശതമാനത്തിന് മേലെ ആകുമെന്നാണ് പ്രതീക്ഷ. മാക്രോ ഇക്കണോമിക് രീതി പിന്തുടരുന്നതു കാരണം ആഗോള തലത്തിലുണ്ടാകുന്ന വെല്ലുവിളികളുടെ ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കുറഞ്ഞിരിക്കുന്നു.
സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നിയതും മൂലധന വളര്‍ച്ചക്ക് മുന്‍തൂക്കം നല്‍കിയതും കാരണം പോയ സാമ്പത്തിക വര്‍ഷം രാജ്യത്ത് മൊത്തം 9 ശതമാനത്തിന്‍റെ മൂലധന വളര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ബാങ്കുകളുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും സ്ഥിരതയാര്‍ന്ന ആരോഗ്യകരമായ പ്രകടനം കാരണം ഇനിയും മൂലധന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഭവന റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലെ സൂചനകള്‍ പ്രതീക്ഷ പകരുന്നതാണ്. പാര്‍പ്പിട മേഖലയില്‍ വന്‍ തോതിലുള്ള നിക്ഷേപ മൂലധന ഒഴുക്ക് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 6.7 ശതമാനത്തില്‍ നിന്ന് നാണ്യപ്പെരുപ്പത്തോത് 5.4 ശതമാനമാക്കി കുറയ്കാകാന്‍ കൃത്യമായ നടപടികളിലൂടെ സാധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള പ്രതിസന്ധികള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, കാലവര്‍ഷത്തിലെയും മഴ ലഭ്യതയിലേയും വ്യതിയാനങ്ങള്‍ എന്നിവ കാരണമുണ്ടായ പ്രതികൂല സാഹചര്യത്തെ ധന കാര്യ നയത്തില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തിയും ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടും മറികടക്കാനായി.