വയനാട്: തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ പ്രചാരണത്തിനും ചൂടേറുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയനാട്ടില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി താര പ്രചാരകരും കളത്തിലിറങ്ങി.
ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് വേണ്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് പ്രചാരണത്തിനിറങ്ങിയത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പാർലമെൻ്റ് എംപിയും ഒരു കേന്ദ്രമന്ത്രിയും കൂടെ ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കമ്പളക്കാട് പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
വയനാടിന് വേണ്ടത് ദുരന്തങ്ങളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കഴിയുന്നൊരു എംപിയെയാണ്, അല്ലാതെ സ്വയമൊരു ദുരന്തമായ എംപിയെ അല്ല. വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ കഴിയുന്നൊരു എംപിയെയാണ് വയനാടിന് ആവശ്യം, അല്ലാതെ കർഷകരെ വഞ്ചിക്കുന്നൊരു എംപിയെ അല്ല. സ്വപ്രയത്നം കൊണ്ട് ഉയർന്ന് വന്നൊരു എംപിയെയാണ് വയനാടിന് ആവശ്യം, അല്ലാതെ ജീവിതത്തിൽ ഒന്നും ചെയ്യാത്ത, അച്ഛന്‍റെയും മുത്തശ്ശിയുടെയും മുത്തശ്ശന്‍റെയും പേരിൽ ജീവിക്കുന്നൊരു എംപിയെ അല്ലെന്നും സുരേഷ് ഗോപി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.
മുൻപ് യുപി വിടേണ്ടി വന്നപ്പോൾ സ്നേഹത്തോടെ സ്വീകരിച്ച വയനാട്ടുകാർക്ക് രാഹുൽ മറുപടി നൽകിയത്, വയനാട്ടിലെ വോട്ടെടുപ്പ് ദിവസം വരെ യുപിയിൽ മത്സരിക്കാനുള്ള പദ്ധതി രഹസ്യമാക്കി വച്ചാണ്. വയനാടിന്‍റെ ജനപ്രതിനിധിയാകാൻ പുറത്ത് നിന്നൊരാളുമായി കോൺഗ്രസ് എത്തുമ്പോൾ, ബിജെപി മുന്നോട്ടു വയ്ക്കുന്നത് നാട്ടുകാരിയും കർമ്മശേഷിയുമുള്ളൊരു വനിതയെയാണ്. കപട വാഗ്‌ദാനങ്ങൾക്കപ്പുറം കാര്യനിർവ്വഹണ ശേഷിയുള്ളൊരു എംപിയെയാണ് വയനാടിന് ആവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് നവ്യ ഹരിദാസ് ജനസേവനത്തിനായി ഇറങ്ങിത്തിരിച്ചത്. മറുവശത്ത് കോൺഗ്രസോ, ജനങ്ങൾക്കാവശ്യം ആരെയെന്നറിയാതെ, സഹോദരന് പകരം സഹോദരിയെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നവ്യ എന്നാൽ പുതിയത് എന്നാണ് അർത്ഥം, പുതിയ വയനാടിന്‍റെ പ്രതീക്ഷയാണ് സ്ഥാനാര്‍ഥിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മറുവശത്ത്, കോണ്‍ഗ്രസിനായി ഇന്ത്യയുടെ അഭിമാന ഗുസ്‌തി താരം വിനേഷ് ഫോഗട്ടും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റുമാണ് പ്രചാരണത്തിനെത്തിയത്. ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് വിനേഷ് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബിജെപി സംരക്ഷിച്ചപ്പോൾ നീതിക്ക് വേണ്ടി തങ്ങള്‍ക്ക് വലിയ പോരാട്ടം നടത്തേണ്ടി വന്നതായി വിനേഷ് ഫോഗട്ട് പറഞ്ഞു. ആ പോരാട്ടം തങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ലെന്നും സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു എന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യുഡിഎഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വിനേഷ് ഫോഗട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ത്രീപക്ഷ നിലപാടിൽ നിന്നുകൊണ്ട് പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ശബ്‌ദം ഇന്ത്യയുടെ പാർലമെൻ്റിൽ ഉയരുന്നത് നരേന്ദ്ര മോദിയെ ഉൾപ്പെടെ ഭയപ്പെടുത്തുമെന്നും വിനേഷ് ചൂണ്ടിക്കാട്ടി.
അതേസമയം, വോട്ടര്‍മാരോട് സംവദിച്ചും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും സജീവമായി മണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കം സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിനെത്തി. കര്‍ഷക നേതാവ് കൂടിയായ സത്യന്‍ മൊകേരിയാണ് വയനാടിന് ആവശ്യമെന്ന് മുഖ്യമന്ത്രി കല്‍പറ്റ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന വയനാടിനെ ചേര്‍ത്തുപിടിച്ച കേരള സര്‍ക്കാരിന്‍റെ സമീപനങ്ങളാണ് മുഖ്യമന്ത്രിയും ഇടത് സ്ഥാനാര്‍ഥിയും പ്രചാരണത്തില്‍ മുഖ്യമായി എടുത്ത് കാട്ടുന്നത്.