ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ച് പ്രധാന ചടങ്ങായ കാര്‍ത്തിക സ്‌തംഭം ഡിസംബര്‍ 8 ന് ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ ഡിസംബര്‍ 13 നാണ് പൊങ്കാല.
13ന് പുലര്‍ച്ചെ 4 മണിക്ക് നിര്‍മ്മാല്യദര്‍ശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9 മണിക്ക് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്‌റ്റ് പ്രസിഡന്‍റും മുഖ്യകാര്യദര്‍ശിയായ രാധാകൃഷ്‌ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും ചേർന്ന് പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആർസി ചാരിറ്റബിള്‍ ട്രസ്‌റ്റ് ചെയര്‍മാനും പ്രമുഖ സമുഹിക പ്രവര്‍ത്തകനുമായ റെജി ചെറിയാനാണ് ചടങ്ങിലെ മുഖ്യാതിഥി. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്‌റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊങ്കാല ദിവസം രാവിലെ 11 മണിക്ക് 500 ലധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളില്‍ 1500 ലധികം ക്ഷേത്ര വോളന്‍റിയേഴ്‌സ് പ്രവർത്തിക്കും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും.
പൊലീസ്, കെഎസ്‌ആര്‍ടിസി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ല കളക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്‌റ്റിക്ക് പൂര്‍ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
Also Read: നാല്‍ക്കാലികളുടെ രോഗം മാറാന്‍ പ്രത്യേക നേർച്ച; അഷ്‌ടമുടി കായലോരത്തെ അപൂർവ ക്ഷേത്ര വിശേഷങ്ങൾ