കേരളം

kerala

ETV Bharat / bharat

നിതീഷ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയാകുമോ? രാഷ്‌ട്രീയ പാണന്‍മാര്‍ പാടി നടക്കുന്നത് ഇങ്ങനെ - INDIA Deputy PM Offer To Nitish - INDIA DEPUTY PM OFFER TO NITISH

നിതീഷ് കുമാര്‍ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയോ? രാഷ്‌ട്രീയ ഇടങ്ങളിലെ ചര്‍ച്ചകള്‍ ഇങ്ങനെ.

LOKSABHA ELECTION 2024  NITHISHKUMAR  JDU  LJP  NDA
നിതീഷ് കുമാര്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 10:44 PM IST

പാറ്റ്ന:ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രാട്ട് ചൗധരി ഇന്ന് നടത്തിയ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ വിഫലമായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി ശരദ്‌ പവാര്‍ വിഭാഗം നേതാവ് ശരദ് പവാറും അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതേ തുടര്‍ന്നുണ്ടായ ചില രാഷ്‌ട്രീയ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ സമ്രാട്ട് ചൗധരി അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചത്. 2024ല്‍ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായ നിതീഷ് ഒരിക്കല്‍ കൂടി മറുകണ്ടം ചാടന്‍ ശ്രമിക്കുന്നുവെന്ന ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം താന്‍ നിതീഷുമായി സംസാരിച്ചിട്ടില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഒരു വിശദീകരണത്തിനും മുതിര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിതീഷ് കുമാറിന് ഇന്ത്യ സഖ്യത്തില്‍ ഉപപ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്‌തെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. ബിഹാറില്‍ എന്‍ഡിഎയുടെ ഭാഗമായ ജെഡിയു ഇപ്പോള്‍ വലിയ കക്ഷിയായി മാറിയിട്ടുണ്ട്. ഇത് ഫലത്തിലും പ്രതിഫലിച്ചതോടെ കേന്ദ്രത്തിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇവര്‍ നിര്‍ണായക ശക്തിയായിരിക്കുകയാണ്. അത് നേരത്തെ മനസിലാക്കിയത് കൊണ്ടാണ് എന്‍ഡിഎ നിതീഷ് കുമാറിനെ നേരത്തെ തന്നെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.

ബിഹാറിലെ 40 സീറ്റുകളില്‍ 31ഉം എന്‍ഡിഎ സ്വന്തമാക്കിക്കഴിഞ്ഞു. ജനതാദള്‍ യുവിന് മാത്രം പതിമൂന്ന് സീറ്റുകളുണ്ട്. എല്‍ജെപിക്ക് അഞ്ചും. ബിജെപിക്ക് കേവലം പന്ത്രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിതീഷ് എന്നും സമ്മര്‍ദ്ദ രാഷ്‌ട്രീയതന്ത്രത്തിന് പേരുകേട്ട ആളാണ്. മറ്റ് സാധ്യതകള്‍ക്കായി എപ്പോഴും ചില വാതിലുകള്‍ തുറന്നിട്ടിരിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് നിതീഷും മോദിയും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേന്ദ്രത്തിലെ പുതിയ സര്‍ക്കാര്‍ രൂപീകരണ നയങ്ങളാണ് ഇരുവരും സംസാരിച്ചതെന്നാണ് സൂചന. അദ്ദേഹം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഏതായാലും ബിജെപിക്ക് മാത്രമായി കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണ്. ബിഹാര്‍ മുഖ്യമന്ത്രി ജൂണ്‍ നാലിന് ഫലം വന്ന ശേഷം വലിയൊരു തീരുമാനം കൈക്കൊള്ളുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞിരുന്നു. തേജസ്വിയുടെ പ്രസ്‌താവനകള്‍ തെറ്റിദ്ധരിപ്പിക്കാനാണെന്നായിരുന്നു ജെഡിയു നേതാക്കളുടെ പ്രതികരണം.

Also Read:സുരേഷ് ഗോപിക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വീകരണം; ബിജെപി യോഗത്തിനായി നാളെ ഡൽഹിക്ക്

ABOUT THE AUTHOR

...view details