ഷില്ലോങ്/ഗുവാഹത്തി: ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരേയുള്ള പ്രക്ഷോഭം കനക്കവേ 300ല്‍ അധികം ഇന്ത്യക്കാരും ഭൂട്ടാനികളും നേപ്പാളികളും ബംഗ്ലാദേശിൽ നിന്നും മേഘാലയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. മുതിർന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 202 ഇന്ത്യക്കാരടക്കം 310 പേര്‍ ഇന്ത്യയിലെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
'ബംഗ്ലാദേശിലെ അക്രമത്തെ തുടർന്ന് ഒറ്റപ്പെട്ട ഇന്ത്യക്കാരും നേപ്പാളികളും ഭൂട്ടാനികളും അടക്കം 310 പേരാണ് ഡാവ്കി ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നത്. 310 പേരിൽ 202 പേർ ഇന്ത്യക്കാരും 101 പേർ നേപ്പാളിൽ നിന്നുള്ളവരും ഏഴ് പേര്‍ ഭൂട്ടാനികളുമാണ്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്' ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം, ബംഗ്ലാദേശില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അസം സർക്കാരും അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ മേഘാലയ സർക്കാരും ബംഗ്ലാദേശ് ഹൈക്കമ്മീഷനുമായും ലാൻഡ് പോർട്ട് അതോറിറ്റിയുമായും നിരന്തരമായ ബന്ധപ്പെടുന്നുണ്ട്.
ബംഗ്ലാദേശിൽ ദുരിതമനുഭവിക്കുന്ന മേഘാലയ ജനതയെ സഹായിക്കുന്നതിനായി 1800 345 3644 എന്ന ഹെൽപ്പ് ലൈൻ നമ്പറും സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി +880-1937400591 എന്ന ഹെൽപ്പ് ലൈൻ നമ്പര്‍ അസം സര്‍ക്കാരും ഏര്‍പ്പെടുത്തി. അതേസമയം ബംഗ്ലാദേശില്‍ കഴിയുന്ന അസം സ്വദേശികളുടെ കണക്ക് സംബന്ധിച്ച വിവരങ്ങളൊന്നും സംസ്ഥാനം പുറത്തുവിട്ടിട്ടില്ല.