സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലായ 'ഇമാനെ' മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര ഉപയോഗിച്ചുള്ള ദൗത്യമാണ് ഇറാൻ്റെ പതാകയുള്ള മത്സ്യബന്ധന കപ്പൽ (എഫ്‌വി) ഇമാനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. കപ്പലിലെ ജീവനക്കാരെയും മോചിപ്പിച്ചതായി നാവികസേന അറിയിച്ചു (Indian Navy warship INS Sumitra rescued Iranian vessel Iman from Somali pirates).
17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയത്. പിന്നാലെ ഇമാൻ്റെ സഹായ അഭ്യർഥന, സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഐഎൻഎസ് സുമിത്രയ്‌ക്ക് ലഭിക്കുകയായിരുന്നു.
തുടർന്ന് ഐഎൻഎസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്‌ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകള്‍ വിട്ടുനൽകണമെന്ന് സൂചന നൽകിയതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൊള്ളക്കാർ ഇതിന് തയ്യാറാകാതായതോടെ ഇന്ത്യൻ നാവികസേന കപ്പൽ വളയുകയും കൊള്ളക്കാരെ നിരായുധീകരിക്കുകയുടെ ചെയ്‌തു. തുടർന്നാണ് സേന രക്ഷാദൗത്യം ആരംഭിച്ചത്. തുടർന്നുള്ള ഗതാഗതത്തിനായി മത്സ്യബന്ധന ബോട്ട് വിട്ടയക്കുകയും ചെയ്‌തതായി നാവികസേന അറിയിച്ചു.