ന്യൂഡല്‍ഹി:കായിക മേഖലയിലും മുന്നേറ്റം ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായി 2036ലെ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും വേദിയാകാനുള്ള താത്‌പര്യം അറിയിച്ച് ഇന്ത്യ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്ത് അയച്ചു. 2036ലെ ഒളിമ്പിക്‌സിന് വേദിയൊരുക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പല പ്രാവശ്യം അഭിപ്രായപ്പെട്ടിരുന്നു.
മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മോദി ആദ്യം താത്‌പര്യം പ്രകടിപ്പിച്ചത്. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കാമെന്നായിരുന്നു ഐഒസി വ്യക്തമാക്കിയത്. ഒളിമ്പിക്‌സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവയ്‌ക്കും പ്രോത്സാഹനമാകുമെന്നാണ് ഐഒസി വൃത്തങ്ങളുടെ വിലയിരുത്തല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യം
ഒളിമ്പിക്‌സ് വേദിയാകാനുള്ള താത്‌പര്യം ഐഒസിയെ ഔദ്യോഗികമായി തന്നെ അറിയച്ചതോടെ നടപടികളുടെ രണ്ടാം ഘട്ടത്തിലേക്കാണ് ഇന്ത്യ കടന്നിരിക്കുന്നത്. താത്‌പര്യം അറിയിച്ച രാജ്യങ്ങളില്‍ ഐഒസിയുടെ സാധ്യത പഠനങ്ങള്‍ ഉള്‍പ്പടെ ഈ ഘട്ടത്തില്‍ നടക്കും. തുടര്‍ന്നാണ് വേദിക്കായി ഔപചാരികമായി തന്നെ ബിഡ് സമര്‍പ്പിക്കേണ്ടത്.
ഗെയിംസ് ഇന്ത്യയിലേക്ക് വന്നാല്‍ അഹമ്മദാബാദ് ആയിരിക്കും ആതിഥേയ നഗരമാകാൻ സാധ്യത. ഇന്ത്യ ഉള്‍പ്പടെ പത്തോളം രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഒളിമ്പിക്‌സ് നടത്തിപ്പിന് താത്‌പര്യം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളത്.
2032 വരെയുള്ള ഒളിമ്പിക്‌സ് വേദികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം പാരിസിലായിരുന്നു ഒളിമ്പിക്‌സ് ഗെയിംസ് നടന്നത്. 2028ല്‍ ലോസ് ആഞ്ചെല്‍സും 2032ല്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനും ഗെയിംസിന് വേദിയാകും. 1982ലെ ഏഷ്യൻ ഗെയിംസും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ നടന്ന പ്രധാന ടൂര്‍ണമെന്‍റുകള്‍.
Also Read :പിടി ഉഷ പാരിസില്‍ കളിച്ചത് രാഷ്‌ട്രീയം, പിന്തുണ അഭിനയിച്ചു; തുറന്നടിച്ച് വിനേഷ് ഫോഗട്ട്