തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായക മൊഴിയുമായി ഫോറൻസിക് ഡോക്‌ടർ ആര്‍ രാജ മുരുഗന്‍. വിനീതയെ കഴുത്തറത്ത് കൊലപ്പെടുത്തിയ അതേ രീതിയിലാണ് തമിഴ്‌നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് ഡോക്‌ടർ മൊഴി നൽകി.
തമിഴ്‌നാട് തോവാളയിലുള്ള കസ്‌റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ അഭിശ്രീ എന്നിവരെയാണ് പ്രതി മുമ്പ് കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്ന് പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് അന്ന് പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫോറന്‍സിക് വിദഗ്‌ധൻ ഡോ ആര്‍ രാജ മുരുഗന്‍ കോടതിയിൽ മൊഴി നൽകി.
കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്‌നാട്ടിലും മൂന്ന് കൊലപാതകം നടത്തിയതെന്ന് തമിഴ്‌നാട് സിബിസിഐഡി ഇന്‍സ്‌പെക്‌ടര്‍ എന്‍ പാര്‍വ്വതിയും മൊഴി നല്‍കി. അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്‌തിരുന്ന വിനീതയെ ഹോട്ടൽ ജീവനക്കാരനായ രാജേന്ദ്രൻ സ്വർണാ ഭരണം മോഷ്‌ടിക്കുന്നതിനായി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപകല്‍ വിനീതയുടെ കൊലപാതകം നടന്നത്. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള മാല എടുക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവല്‍കിണറിന് സമീപത്തെ ലോഡ്‌ജില്‍ നിന്നാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്.
Also Read: യുവതിയെ കൊന്ന് ആറ് കഷണങ്ങളാക്കി കുഴിച്ചുമൂടി; കൊലയ്‌ക്കു പിന്നില്‍ കുടുംബ സുഹൃത്തെന്ന് പൊലീസ്