ന്യൂഡൽഹി:ചുഴലിക്കാറ്റ് ബാധിച്ചജമൈക്കക്ക് സഹായവുമായി ഇന്ത്യ. 60 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ, ജനറേറ്ററുകൾ, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ജമൈക്കയിലേക്ക് അയച്ചു. ആരോഗ്യ സംരക്ഷണവും ചുഴലിക്കാറ്റിന് എതിരെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് മാനുഷിക സഹായം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'ഇന്ത്യ ജമൈക്കയിലേക്ക് മാനുഷിക സഹായം അയക്കുന്നു. ഏകദേശം 60 ടൺ എമർജൻസി മെഡിക്കൽ ഉപകരണങ്ങളും ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും ജമൈക്കയിലേക്ക് അയച്ചു. ഇവ ആരോഗ്യമേഖലയ്ക്കും പുനരധിവാസത്തിനും ഒപ്പം ചുഴലിക്കാറ്റുകൾക്ക് എതിരെയുള്ള ദുരന്ത നിവാരണത്തെയും ശക്തിപ്പെടുത്തും' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജമൈക്കയും. കൊളോണിയൽ ഭൂതകാലവും സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലുമുളള അടിയുറച്ച വിശ്വാസവുമാണ് ഇന്ത്യ ജമൈക്ക ബന്ധത്തിന്‍റെ അടിത്തറ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
സെപ്‌റ്റംബർ 30 മുതൽ ഒക്‌ടോബർ മൂന്ന് വരെയുളെള തീയതികളിൽ ഇരു നേതാക്കളും ന്യൂഡൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തി. ശാസ്ത്രസാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്‌ത്രം, വിദ്യാഭ്യാസം, ഡിജിറ്റലൈസേഷൻ, സുരക്ഷ, ഊർജ്ജം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുളള ജമൈക്കയുടെ താത്‌പര്യത്തെ കുറിച്ച് ഹോൾനെസ് എടുത്ത് പറഞ്ഞു. ഇന്ത്യ-ജമൈക്ക ബന്ധത്തെ പ്രധാനമന്ത്രി മോദിയും പ്രശംസിച്ചു.