ന്യൂഡൽഹി: ശക്തമായ മോദി സര്‍ക്കാര്‍ നിലവിലെ സംവരണ സംവിധാനത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം കുറച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. 'അജണ്ട ആജ് തക് 2024' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് ശേഷം രാഹുൽ ഗാന്ധി അഹങ്കാരമായി മാറിയെന്നും അമിത് ഷാ പറഞ്ഞു. 'ഞങ്ങള്‍ ഭരണഘടനയെ മാറ്റും എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങള്‍ സംവരണത്തില്‍ തൊട്ടിട്ടില്ല. കോൺഗ്രസ് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുകയും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം കുറയ്‌ക്കുകയും ചെയ്‌തു. നിലവിലെ സംവരണ സംവിധാനത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് നേരത്തെ വ്യക്തമാക്കിയതായും' അമിത് ഷാ പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോറ്റ കാര്യം കോൺഗ്രസ് മറക്കരുത്. 2014, 2019, 2024 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടിക്ക് നേടാനാകാത്തതിനെക്കാൾ കൂടുതല്‍ സീറ്റുകളാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാത്രം ബിജെപി നേടിയതെന്നും അമിത് ഷാ പറഞ്ഞു. 240 സീറ്റുകളുള്ള നിലവിലെ മോദി സർക്കാരും 303 സീറ്റുകളുള്ള മോദി സർക്കാരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി, ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക തുടങ്ങിയ വാഗ്‌ദാനങ്ങളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും അമിത് ഷാ പറഞ്ഞു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം: കോൺഗ്രസും രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളും വിദേശ സ്ഥാപനങ്ങളിൽ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് ഷാ പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഔദ്യോഗിക രേഖകള്‍ വരുമ്പോള്‍ നോക്കാം എന്നും അമിത് ഷാ പ്രതികരിച്ചു.
അഴിമതി ബിജെപിയുടെ രീതിയല്ല. നേരത്തെ ഭരണത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരാണ് 12 ലക്ഷം കോടിയുടെ അഴിമതി ആരോപണം നേരിട്ടത്. പെഗാസസ് കേസിന് എന്ത് സംഭവിച്ചു. ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കോടതി ഇവിടെയുണ്ട്. ഇതുവരെ മോദി സര്‍ക്കാരിനെതിരെ ആരും ഒരു തെളിവും ആരും നല്‍കിയിട്ടില്ല എന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്‌മീരിലെ നിലവിലെ സ്ഥിതിഗതികള്‍: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികൾ ജമ്മു കശ്‌മീര്‍ സന്ദർശിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്‌മീരില്‍ സിനിമ ഹാളുകൾ തുറന്നു. സമാധാനപരമായി താസിയ ഘോഷയാത്ര സംഘടിപ്പിച്ചു. രക്തച്ചൊരിച്ചിലില്ലാതെ തെരഞ്ഞെടുപ്പ് നടന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിലെ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് ഷാ പറഞ്ഞു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: അടുത്തിടെ നടന്ന മഹാരാഷ്‌ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മായാഹുതി സഖ്യത്തിന് വലിയ വിജയം സമ്മാനിച്ച വോട്ടർമാരോട് അമിത് ഷാ നന്ദി പറഞ്ഞു. മഹാരാഷ്‌ട്ര ഇപ്പോൾ സുരക്ഷിതമായ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം പങ്കിടുന്നതിൽ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാദ് ഷിൻഡെ അസ്വസ്ഥനാണെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹം വിഷമിക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
2026 ഓടെ നക്‌സലുകളെ ഇല്ലാതാക്കും: 2026 മാർച്ചോടെ ഇന്ത്യയെ ഇടതുപക്ഷ തീവ്രവാദ സംഘത്തില്‍ നിന്ന മോചിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു. പല സംസ്ഥാനങ്ങളും ഇടതുപക്ഷ തീവ്രവാദ സംഘങ്ങളില്‍ നിന്ന് മുക്തമായി. ഛത്തീസ്‌ഗഡിലെ രണ്ട് ജില്ലകളില്‍ മാത്രമാണ് നക്‌സലുകള്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്‌ഗഡിലെ 70 ശതമാനം നക്‌സലുകളെയും ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ഛത്തീസ്‌ഗഡില്‍ മാത്രം 300ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെടുകയും 900 പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. സുരക്ഷയ്‌ക്ക് ഒപ്പം ആദിവാസി വിഭാഗങ്ങളുടെ വികസനം സാധ്യമാക്കുക എന്നതും ഞങ്ങളുടെ കാവൽ വാക്കാണെന്ന് അമിത് ഷാ പറഞ്ഞു.
പാർലമെൻ്റ് ശീതകാല സമ്മേളനം: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം തടസപ്പെട്ടതിൽ ഷാ നിരാശ പ്രകടിപ്പിച്ചു. സഭ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്. ഓരോ വിഷയവും സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും ഒരു വിഷയത്തിലും മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല്: തിങ്കളാഴ്‌ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ല് രാജ്യത്തെ ഫെഡറലിസം അവസാനിപ്പിക്കുമെന്ന പ്രതിപക്ഷത്തിൻ്റെ അവകാശവാദങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് ഷാ വ്യക്തമാക്കി. മുമ്പ് ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്നപ്പോൾ വ്യത്യസ്‌ത പാർട്ടികൾക്ക് അനുകൂലമായി ഫലങ്ങൾ പുറത്തുവന്നത് നാം കണ്ടിട്ടുളളതാണ്. ഇന്ത്യ ബ്ലോക്ക് അത് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിലവില്‍ വരുന്നതോടെ വലിയ രീതിയിലുളള തെരഞ്ഞെടുപ്പ് ചെലവ് കുറയ്‌ക്കാന്‍ സാധിക്കും. ഈ പണം വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഷാ പറഞ്ഞു. സുരക്ഷ സേനയെ അവരുടെ പ്രധാന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രൈമറി സ്‌കൂൾ അധ്യാപകരെ തടസമില്ലാതെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാനും ഇതുവഴി കഴിയുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അധ്യാപകരാണ് പലപ്പോഴും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി സേവനം അനുഷ്‌ഠിക്കുക.
മണിപ്പൂര്‍ ശാന്തമാകും: 2023 മെയ് മുതൽ വംശീയ കലാപങ്ങളില്‍ വലയുകയാണ് മണിപ്പൂര്‍. മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിക്കുമെന്നും സ്ഥിതിഗതികൾ ശാന്തമാക്കുമെന്നും ഉറപ്പുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുളള നുഴഞ്ഞുകയറ്റം: ബംഗ്ലാദേശുമായുള്ള 4,096 കിലോമീറ്റർ അതിർത്തിയുടെ നാല് ശതമാനം വരുന്ന ഭാഗത്ത് കൃത്യമായി വേലികെട്ടി തിരിച്ചിട്ടില്ല. എന്നാല്‍ ഈ പ്രദേശത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നാല് ശതമാനം പ്രദേശം വരുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു. ചില സംസ്ഥാന സര്‍ക്കാരുകള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി കാണുന്നു. ഇത്തരത്തിലുളള തരംതാഴ്‌ന്ന രാഷ്‌ട്രീയം വേറെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
കർഷക പ്രതിഷേധം: രാജ്യത്തെ കർഷകർ സംതൃപ്‌തരാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ ചില കര്‍ഷകര്‍ ചില പ്രശ്‌നങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദേശങ്ങൾ അനുസരിച്ച് അവരുമായി ചര്‍ച്ച നടത്തുമെന്നും ഷാ വ്യക്തമാക്കി.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ: മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് പൂർണമായി നടപ്പാക്കിയാൽ ലോകത്തിലെ ഏറ്റവും ആധുനികമായ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുളള രാജ്യമായി ഇന്ത്യ മാറുമെന്നും ഷാ കൂട്ടിച്ചേർത്തു.
Also Read: 'കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സാധ്യമായ പിന്തുണ നല്‍കും': അമിത് ഷാ