ന്യൂഡൽഹി: ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്തെന്ന് പഠനം. നൂറോളം ലോക രാജ്യങ്ങളിലെ സൈബർ ക്രൈം വിദഗ്‌ധരില്‍ നടത്തിയ സർവേ പ്രകാരമാണ് 'ലോക സൈബർ കുറ്റകൃത്യ സൂചിക' തയ്യാറാക്കിയത്. മുന്‍കൂട്ടി പണമടയ്‌ക്കാന്‍ പറയുന്ന തട്ടിപ്പാണ് ഇന്ത്യയില്‍ ഏറ്റവും സാധാരണമായ തട്ടിപ്പ് രീതിയെന്നും പഠനം പറയുന്നു.
റാന്‍സംവെയര്‍, ക്രെഡിറ്റ് കാർഡ് മോഷണം തുടര്‍ന്നുള്ള തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളും രാജ്യത്ത് കൂടുതലായുണ്ട്. പട്ടികയിൽ റഷ്യയാണ് ഒന്നാമത് നില്‍ക്കുന്നത്. യുക്രൈൻ, ചൈന, യുഎസ്, നൈജീരിയ, റൊമാനിയ എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലായി ഉണ്ട്. PLoS ONE ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഉത്തര കൊറിയ ഏഴാം സ്ഥാനത്തും യുകെയും ബ്രസീലും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലുമാണ്.
മാല്‍വെയറുകള്‍ പോലുള്ള സാങ്കേതിക ഉത്പന്നങ്ങളും സേവനങ്ങളും, റാന്‍സംവെയര്‍ ഉൾപ്പെടെയുള്ള ആക്രമണങ്ങളും പിടിച്ചുപറിയും, ഹാക്കിങ്, അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലെ വിട്ടുവീഴ്‌ച, ഡാറ്റ, ഐഡന്‍റിറ്റി മോഷണം, മുൻകൂർ ഫീസ് ആവശ്യപ്പെട്ടുള്ള തട്ടിപ്പ്, നിയമ വിരുദ്ധമായ വെർച്വൽ കറൻസികളുടെ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് ഗവേഷകർ തിരിച്ചറിഞ്ഞ പ്രധാന സൈബര്‍ കുറ്റകൃത്യങ്ങള്‍.