ന്യൂഡൽഹി : ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിൽ അതിരൂക്ഷമായ ഉഷ്‌ണ കാലാവസ്ഥ ഉണ്ടാകുമെന്ന് കേന്ദ്ര ഭൗമ ശാസ്‌ത്ര മന്ത്രി കിരൺ റിജിജു. തെരഞ്ഞെടുപ്പ് കൂടെ നടക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മുൻകൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി. “വരാനിരിക്കുന്ന രണ്ടര മാസത്തില്‍ തീവ്രമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കടുത്ത ചൂട് ഉണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.'- റിജിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രിൽ 19 നും ജൂൺ 1 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ എല്ലാവരും ഒരുക്കങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നും മധ്യ, പടിഞ്ഞാറൻ പെനിൻസുലർ ഭാഗങ്ങൾ കടുത്ത ആഘാതം നേരിടേണ്ടി വരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്രയും മുന്നറിയിപ്പ് നല്‍കി.