മാലെ: വിനോദ സഞ്ചാരം വീണ്ടും പരിപോഷിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ചർച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മാലെയുടെ തെക്ക് ഭാഗത്തുള്ള അറ്റോളില്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
തന്‍റെ രാജ്യത്തിന്‍റെ ഏറ്റവും വലിയ ടൂറിസം വിപണികളിലൊന്നാണ് ഇന്ത്യ എന്നാണ് സന്ദര്‍ശന വേളയില്‍ മുയിസു പറഞ്ഞത്. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുയിസു പറഞ്ഞു.
മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി ലാമു അറ്റോളിലെ ബരേസ്‌ധൂവിലെയും ഗാധൂവിലെയും ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്‌തതായി മാലെ സർക്കാരിന്‍റെ പിഎസ്എം മീഡിയ അറിയിച്ചു. ലാമു അറ്റോളിലെ പര്യടനത്തിന്‍റെ ഭാഗമായി മുനു മഹാവാറും മറ്റ് ഉദ്യോഗസ്ഥരും ബരേസ്‌ധൂ, ഗാധൂ പ്രദേശങ്ങള്‍ സന്ദർശിച്ചതായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക