ന്യൂഡല്‍ഹി:പ്രതിരോധമേഖലയില്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉത്പാദന- വിതരണ ശൃംഖല മേഖലയിലാകും പ്രധാനമായും സഹകരണമെന്നും പ്രധാമന്ത്രി വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യ ആയിരുന്നു മുഖ്യാതിഥി എന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. ഇപ്പോഴിതാ 75-ാം റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യ തന്നെ മുഖ്യാതിഥിയായിരിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യ ഒരിക്കല്‍ കൂടി നമ്മുടെ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകുന്നു. താന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ പ്രബോവോ സുബിയാന്തോയുമായി ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2018ല്‍ താന്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ചപ്പോല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് സമഗ്ര ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നും സഹകരണത്തിന്റെ വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ ഉത്പാദനത്തിലും വിതരണ ശൃംഖലയിലും സഹകരണം മെച്ചപ്പെടുത്തി പ്രതിരോധ രംഗത്തെ സഹകരണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, ഭീകരവിരുദ്ദ പോരാട്ടങ്ങള്‍, തീവ്രവാദം ഉന്മൂലനം ചെയ്യല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇന്ന് സമുദ്ര സുരക്ഷ കരാറില്‍ ഒപ്പിടുന്നതോടെ ഈ രംഗത്തെ സഹകരണം കുറ്റകൃത്യം തടയല്‍, തെരച്ചില്‍, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ കൂടുതല്‍ ശക്തമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.