ന്യൂഡൽഹി:ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയ്‌ക്ക് സഹായവുമായി ഇന്ത്യ. ഇന്ത്യയിൽ നിർമിച്ച ഏകദേശം 90 ടൺ ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുമായുള്ള കപ്പൽ (API- Active Pharmaceutical Ingredients) ക്യൂബൻ റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ഞായറാഴ്‌ചയാണ് (ജൂൺ 2) കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് പുറപ്പെട്ടത്.
വിട്ടുമാറാത്ത പകർച്ചവ്യാധികളുടെ ചികിത്സയ്‌ക്ക് ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ ഉത്ദിപ്പിക്കുന്നതിനാണ് ഈ എപിഐകൾ നിർണായകമായി ഉപയോഗിക്കുന്നത്. 'ദീർഘകാല പകർച്ചവ്യാധികൾക്കുള്ള ചികിത്സയ്‌ക്ക് ആവശ്യമായ ഗുളികകൾ, ക്യാപ്‌സ്യൂളുകൾ, സിറപ്പുകൾ, കുത്തിവയ്‌പ്പുകൾ എന്നിവയുടെ ഡോസ് രൂപത്തിൽ അവശ്യ ആൻ്റിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാൻ ക്യൂബൻ മരുന്ന് നിർമാതാക്കൾ ഈ എപിഐകൾ ഉപയോഗിക്കും'- ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുടെ പ്രയോജനങ്ങൾ എടുത്തുകാണിച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ക്യൂബയ്‌ക്ക് മാനുഷിക സഹായം അയക്കുന്നതായി എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാളും എക്‌സിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ച എപിഐകളുടെ 90 ടൺ ചരക്ക് ഇന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് ക്യൂബയിലേക്ക് പുറപ്പെട്ടുവെന്നും അവശ്യ മരുന്നുകളുടെ നിർമ്മാണത്തെ അവ പിന്തുണയ്‌ക്കുമെന്നും രൺധീർ ജയ്‌സ്വാൾ പോസ്‌റ്റിൽ വ്യക്തമാക്കി.