ന്യൂഡല്‍ഹി: പ്രസിഡന്‍റ് ബഷാർ അസദിന്‍റെ സ്വേച്ഛാധിപത്യ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിന് രണ്ട് ദിവസത്തിന് ശേഷം ഇന്ത്യ തങ്ങളുടെ 75 പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു. ദമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യൻ എംബസികൾ ഏകോപിപ്പിച്ചാണ് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതെന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
"സിറിയയിലെ സമീപകാല സംഭവവികാസങ്ങളെത്തുടർന്ന് ഇന്ത്യാ ഗവൺമെന്‍റ് 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു" എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. ജമ്മു കശ്‌മീരിൽ നിന്നുള്ള 44 പേര്‍ സിറിയയിലെ സൈദ സൈനബ് എന്ന നഗരത്തില്‍ കുടുങ്ങിയിരുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്നുവെന്നും വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. സിറിയയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും, സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
"സിറിയയിൽ ഇനിയുള്ള ഇന്ത്യൻ പൗരന്മാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി +963 993385973 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ, hoc.damascus@mea.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം, സമയബന്ധിതമായി വിദേശകാര്യ മന്ത്രലായം വിവരങ്ങള്‍ കൈമാറും" എന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേർത്തു.
വിമത സേന തലസ്ഥാനമായ ദമാസ്‌കസും മറ്റ് നിരവധി നഗരങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തതോടെ ഞായറാഴ്‌ച സിറിയൻ സർക്കാരിന്‍റെ അധികാരം നഷ്‌ടപ്പെട്ടിരുന്നു. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ദമാസ്‌കസിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ പ്രസിഡന്‍റ് അസദ് രാജ്യം വിട്ടിരുന്നു.
Read Also:അഞ്ച് പതിറ്റാണ്ട് നീണ്ട അസദ് കുടുംബത്തിന്‍റെ ഭരണത്തിന് അന്ത്യം; വിമത നീക്കത്തില്‍ കാലിടറി സിറിയ