ന്യൂഡല്‍ഹി: ഈ മാസം 31ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ സംയുക്തമായി സുപ്രധാന വിഷയങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനെ നേരിടുമെന്ന് കോണ്‍ഗ്രസ്.
ഈ മാസം മുപ്പതിന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ലോക്‌സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടിയുടെ സഭ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളുമായി അടുത്തമാസം രണ്ടിന് സമ്മേളന കാലത്ത് പ്രതിപക്ഷം കൈക്കൊള്ളേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്‍ഡിഎ സലര്‍ക്കാര്‍ കൊണ്ടു വരുന്ന ജനാധിപത്യവിരുദ്ധ ബില്ലുകള്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന ചില സുപ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷത്തിന് സര്‍ക്കാരില്‍ നിന്ന് ഉത്തരം വേണം. പ്രത്യേകിച്ച് സമ്പദ്ഘടന, വിലക്കയറ്റം, തൊഴിലില്ലായ്‌മ, വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും പലായനം എന്നിവയെക്കുറിച്ച് എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭാംഗവുമായ സയീദ് നസീര്‍ ഹുസൈന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം ഇന്ത്യാ സഖ്യത്തിലെ ഐക്യം സംബന്ധിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഡല്‍ഹിയിലെ ഭരണകക്ഷിയായ എഎപിക്കെതിരെ അടുത്തമാസം അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരസ്‌പരം പോരാടുന്ന ഇരുകക്ഷികളും ലോക്‌സഭയില്‍ ഒന്നിച്ച് എന്‍ഡിഎ സര്‍ക്കാരിനെതിരെ അണിനിരക്കും.
കോണ്‍ഗ്രസിന്‍റെ ഈ നിലപാടിനെ പക്ഷേ എഎപി മാത്രമല്ല മറ്റ് സഖ്യകക്ഷികളായ ടിഎംസി, എന്‍സി, ശിവസേനയുബിടി എന്നിവരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇന്ത്യ സഖ്യത്തിന്‍റെ സാധുത എന്താണെന്നാണ് അവരുടെ ചോദ്യം.
എന്നാല്‍ ഈ ചോദ്യത്തെ നസീര്‍ ഹുസൈന്‍ തള്ളി. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണെന്നും അത് കൊണ്ട് തന്നെ സഖ്യത്തെ നയിക്കേണ്ടത് തങ്ങളാണെന്നും പ്രാദേശിക കക്ഷികള്‍ക്ക് അവരുടേതായ അജണ്ടകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക കക്ഷികള്‍ പലപ്പോഴും അവരുടെ പ്രാദേശിക അജണ്ടയിലൂന്നിയാണ് പ്രസ്‌താവനകള്‍ നടത്തുന്നത്. കോണ്‍ഗ്രസ് ദേശീയ കക്ഷിയാണ്. 2024ലെ പൊതുതെരഞ്ഞെുപ്പിനായി രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന പാര്‍ട്ടിയും. സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കോണ്‍ഗ്രസ് നിലപാടുകള്‍ കൈക്കൊള്ളുകയെന്നും ഹുസൈന്‍ വ്യക്തമാക്കി.
പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എഎപി തനിച്ചാണ് മത്സരിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പിനെയും തനിച്ച് നേരിടുമെന്ന് അവര്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഡല്‍ഹിയുടെ വികസനത്തിന് എഎപി എന്ത് ചെയ്‌തു എന്നത് അവര്‍ ആദ്യം വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നാട്ടുകാരുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അതിന് മുമ്പ് ഈ മാസം 27ന് മധ്യപ്രദേശിലെ മഹൗവില്‍ കോണ്‍ഗ്രസിന്‍റെ ഒരു സുപ്രധാന റാലിയുണ്ട്. ഭരണസംഘടന സംരക്ഷണത്തിനായി പാര്‍ട്ടിയുടെ ഒരു വര്‍ഷം നീണ്ട പ്രചാരണ പരിപാടികളുടെ ഭാഗമായ റാലിയാണിത്.
ഭരണഘടനയെ സംരക്ഷിക്കാനുള്ള സന്ദേശം രാജ്യമെമ്പാടും എത്തിക്കേണ്ടതുണ്ട്. ഭരണഘടന ജനാധിപത്യം നിലനിര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹുസൈന്‍ പറഞ്ഞു.
ഭരണഘടന ശില്‍പ്പി ബി ആര്‍ അംബേദ്ക്കറെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഇന്ത്യാ സഖ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ യോഗത്തില്‍ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:'മണിപ്പൂര്‍, ഉന്നാവോ, ഹത്രാസ്...'; രാജ്യത്തെ പെണ്‍മക്കള്‍ക്ക് എന്ന് നീതി കിട്ടും? മോദിയോട് ചോദ്യവുമായി കോണ്‍ഗ്രസ്