അദിലാബാദ് (തെലങ്കാന) :പരീക്ഷ ഹാളിലെ സ്ലാബ് തകർന്ന് വീണ് വിദ്യാർഥിക്കും ഇൻവിജിലേറ്ററിനും പരിക്കേറ്റു. അദിലാബാദ് ജില്ലയിലെ ഗിമ്മി ഗ്രാമത്തിലുളള ഒരു പരീക്ഷ കേന്ദ്രത്തിൽ പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗിമ്മ സ്വദേശിയും പിപ്പർവാഡയിലുളള സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ സദലി അക്ഷയയ്‌ക്കും ഇൻവിജിലേറ്റർ പുരുഷോത്തമനുമാണ് ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
പരീക്ഷയും പിന്നാലെ അപകടവും : ഗിമ്മയിലെ പരീക്ഷ കേന്ദ്രത്തിലാണ് അക്ഷയ ഹിന്ദി പരീക്ഷ എഴുതാൻ പോയത്. പരീക്ഷ കഴിഞ്ഞ് 12.20 ന് പരീക്ഷ പേപ്പർ ഇൻവിജിലേറ്ററിന് നൽകാൻ ചെന്നപ്പോഴാണ് പരീക്ഷാമുറിയിലെ സ്ലാബ് പെട്ടെന്ന് തകർന്നു വീണത്. ആലിപ്പഴവർഷം കാരണമാണ് സ്ലാബ് തകർന്ന് വീണത്. ഇതേത്തുടർന്ന് അക്ഷയയ്ക്കും ഇൻവിജിലേറ്റർ പുരുഷോത്തമനും പരിക്കേൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്ന മെഡിക്കൽ സ്‌റ്റാഫ് അവരെ ഉടൻ തന്നെ പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിക്ക് നാല് തുന്നലുകൾ ഇട്ടിട്ടുണ്ടെന്നും ഇൻവിജിലേറ്ററിന്‍റേത് നിസാര പരിക്കാണെന്നും ഡോക്‌ടർമാർ അറിയിച്ചു.